Image

സ്ത്രീകൾക്ക് സൗജന്യ യാത്ര: ബസുകളുടെ പട്ടിക പുറത്തുവിട്ട് കെഎസ്ആർടിസി

Published on 12 June, 2026
സ്ത്രീകൾക്ക് സൗജന്യ യാത്ര: ബസുകളുടെ പട്ടിക പുറത്തുവിട്ട് കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുങ്ങുന്നു. ജൂണ്‍ 15-ന് രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ 3125 ഓര്‍ഡിനറി ബസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍ എന്നീ ആറ് വിഭാഗം ബസ്സുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലും, ഉത്സവകാല-വാരാന്ത്യ പ്രത്യേക സര്‍വീസുകളിലും ചാര്‍ട്ടേര്‍ഡ് ട്രിപ്പുകളിലും ഈ ആനുകൂല്യം ലഭിക്കുകയില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ അറിയിച്ചു.

​പ്രത്യേക കാര്‍ഡുകളോ രജിസ്ട്രേഷനോ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതെ തന്നെ എല്ലാ സ്ത്രീകള്‍ക്കും ഈ പദ്ധതി പ്രകാരം യാത്ര ചെയ്യാനാകും. വനിതകളായ ഡ്രൈവറും കണ്ടക്ടറും നയിക്കുന്ന ആദ്യ സര്‍വീസില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഭാഗികമായി പങ്കുചേരും. പദ്ധതിയുടെ കൃത്യമായ ചിലവ് കണക്കാക്കുന്നതിനായി യാത്രക്കാര്‍ക്ക് 'സീറോ ടിക്കറ്റ്' നല്‍കുന്നതാണ്. ഈ പദ്ധതി വഴി കെഎസ്ആര്‍ടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും, പ്രതിദിനം വേണ്ടി വരുന്ന ഏകദേശം രണ്ട് കോടിയിലധികം രൂപ സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയിലൂടെ സ്ത്രീകള്‍ മിച്ചം പിടിക്കുന്ന പണം വിപണിയിലേക്ക് തിരിച്ചെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

​പ്രതിദിന ചിലവുകള്‍ കണ്ടെത്താനായി പരസ്യങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും വഴി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 58 ഗ്രാമവണ്ടികളുടെ എണ്ണം 500 ആയി ഉയര്‍ത്തുമെന്നും ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വികസന സമിതികള്‍ രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായ പശ്ചാത്തലത്തില്‍, സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് റൂട്ട് റിസര്‍ച്ച് നടത്തി പുതിയ റൂട്ടുകളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക