
കൊൽക്കത്ത: ടാറ്റാ ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുൻ തൃണമൂൽ സർക്കാരുകളുടെ തെറ്റായ നയങ്ങൾ കാരണം തകർന്ന ബംഗാളിൻ്റെ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ബിജെപി സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസ്ഥാനത്തെ വ്യാവസായിക സാധ്യതകളെക്കുറിച്ച് നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ വിവാദത്തെത്തുടർന്ന് 2008-ൽ ഗുജറാത്തിലേക്ക് മാറ്റിയ ടാറ്റ മോട്ടോഴ്സിൻ്റെ നാനോ കാർ പ്രോജക്ടിൻ്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം
പശ്ചിമ ബംഗാളിൻ്റെ രാഷ്ട്രീയ ചരിത്രത്തിലും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ രാഷ്ട്രീയ വളർച്ചയിലും അതീവ നിർണായകമായ നന്ദിഗ്രാമിൻ്റെ വിഷയവും ചർച്ചയിൽ ഉന്നയിച്ചു. നന്ദിഗ്രാമിൽ ഉണ്ടായതുപോലുള്ള വെടിവയ്പ്പോ സംഘര്‍ഷമോ തുടങ്ങിയ അക്രമണ സംഭവങ്ങൾ ഇല്ലാതെ തന്നെ വ്യവസായങ്ങൾ സ്ഥാപിക്കാൻ കഴിയും. സംസ്ഥാനത്ത് വ്യവസായവൽക്കരണം നടപ്പാകുന്നതിന് തടസമുണ്ടാകില്ല. ഇതോടൊപ്പം ടാറ്റ ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിംഗൂരിലും നന്ദിഗ്രാമിലും പ്രക്ഷോഭങ്ങൾക്ക് കാരണമായ തെറ്റുകൾ ആവർത്തിക്കാതെ തൻ്റെ സർക്കാർ നിക്ഷേപ പദ്ധതികൾ ആകർഷിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മുൻ സർക്കാരുകളുടെ കാലത്ത് വ്യവസായവൽക്കരണത്തിൻ്റെ പേരിൽ ഭൂമി ബലമായി പിടിച്ചെടുക്കുകയും വെറും 'ഫോട്ടോ സെഷനുകൾ' മാത്രം നടത്തുകയുമാണ് ചെയ്തതെന്നും ആരോപിച്ചു. പുതിയ ബിജെപി സർക്കാർ സുതാര്യമായ നയങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.