
ന്യൂഡൽഹി: വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം ഉപഭോക്താക്കൾ അവരുടെ ആവശ്യങ്ങൾക്കുള്ള ഇന്ധനം ബൾക്ക് സെയിൽ പോയിൻ്റുകളിൽ (മൊത്തവിതരണ കേന്ദ്രങ്ങൾ) നിന്ന് നേരിട്ട് വാങ്ങണമെന്ന് ഔദ്യോഗിക ഉത്തരവിൽ നിർദേശിച്ചു.
വിലയിലെ വലിയ വ്യത്യാസം കാരണം മൊത്ത ഉപഭോക്താക്കൾ സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ തുടങ്ങിയതോടെയാണ് പുതിയ നടപടി. ഇത് ചില മേഖലകളിൽ ഡീസലിൻ്റെ ആവശ്യകതയിൽ അസാധാരണമായ വർധന ഉണ്ടാക്കിയതിനെ തുടർന്നാണ് 90 ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ സാധാരണ പെട്രോൾ പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയാണ് വിലയെങ്കിൽ, മൊത്തവിതരണ കേന്ദ്രങ്ങളിൽ ഇതിന് 134.50 രൂപ നൽകണം. ഈ വലിയ വില വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്.
ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇതാണ് വിലയിലെ വലിയ അന്തരത്തിന് കാരണമായത്.