
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 400 കിലോഗ്രാം ഹാൻസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് കാളിമുഖ സ്വദേശി അബ്ദുൽ സാക്കിറിനെ (28) പന്തിരങ്കാവ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. 15,000-ത്തിലധികം പാക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
ഇന്നലെ രാത്രി പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വെച്ചായിരുന്നു നാടകീയമായ അറസ്റ്റ്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ 16 ചാക്കുകളിലായാണ് ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. മൈസൂരിൽ നിന്നും കോഴിക്കോട് വഴി എറണാകുളത്തേക്ക് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പാതകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ചാക്കുകൾ കണ്ടെത്തിയത്.
നഗരത്തിൽ ലഹരി വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പദ്ധതിയുടെ ഭാഗമായാണ് ഡാൻസാഫ് സംഘവും കോഴിക്കോട് സിറ്റി പോലീസും പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അതിർത്തി കടന്നുള്ള ലഹരിക്കടത്ത് സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത വാഹനവും പന്തിരങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിക്ക് പിന്നിലുള്ള വൻ ലോബിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.