Image

​സുഗതന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ; ബിജെപി പിന്തുണ നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ

Published on 12 June, 2026
​സുഗതന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ; ബിജെപി പിന്തുണ നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കാപ്പ (KAAPA) ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന് ബിജെപി പൂർണ്ണ നിയമസഹായവും രാഷ്ട്രീയ പിന്തുണയും നൽകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെതിരെയുള്ള പോലീസ് നടപടി നഗ്നമായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും ഭരണസംവിധാനങ്ങളുടെ ദുരുപയോഗത്തിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ അക്രമം അഴിച്ചുവിടുന്ന സി.പി.എമ്മിനെപ്പോലെയല്ല ബി.ജെപിയെന്നും, നിയമവാഴ്ചയെ ബഹുമാനിക്കുന്ന പാർട്ടി എന്ന നിലയിൽ ഈ വേട്ടയാടലിനെ നിയമപരമായി നേരിടുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബി.ജെപിയെ തകർക്കാൻ സി.പി.എമ്മും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

​വട്ടിയൂർക്കാവ് കൗൺസിലറും മുൻ സംസ്ഥാന പോലീസ് മേധാവിയുമായ ആർ. ശ്രീലേഖയും സുഗതന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂർക്കാവ് മേഖലയിലെ അനധികൃത പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിനാണ് സി.പി.എം നേതാക്കളുടെ നിർദ്ദേശപ്രകാരം സുഗതനെതിരെ പോലീസ് കള്ളക്കേസുകൾ ചുമത്തി കുറ്റവാളിയാക്കാൻ ശ്രമിക്കുന്നതെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. യാഥാർത്ഥ്യം അറിയാവുന്നതുകൊണ്ടാണ് ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിച്ചത്. സംസ്ഥാനത്ത് ഭരണം മാറിയെങ്കിലും പോലീസും ജില്ലാ ഭരണകൂടവും ഇപ്പോഴും സി.പി.എമ്മിന്റെ അടിമകളായാണ് പ്രവർത്തിക്കുന്നതെന്നും മുൻ ഡി.ജി.പി കടുത്ത ഭാഷയിൽ വിമർശിച്ചു.

​ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ആക്രമണക്കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെ, കടുത്ത നാടകീയ രംഗങ്ങൾക്കൊടുവിലാണ് ചൊവ്വാഴ്ച രാത്രി സുഗതനെ വസതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ബി.ജെപി പ്രവർത്തകർ പോലീസിനെ വളഞ്ഞതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ആകാശത്തേക്ക് വെടിവെയ്‌ക്കേണ്ടി വന്നിരുന്നു. കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാനാണ് വെടിവെച്ചതെന്ന് പോലീസ് വിശദീകരിക്കുമ്പോൾ, അറസ്റ്റിനിടെ സുഗതന്റെ ഭാര്യയ്ക്കും മക്കൾക്കുമെതിരെ പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക