
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊറ്റാമത്ത് കോടതി ഉത്തരവ് പ്രകാരം വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസ് സംഘത്തിനും മുന്നില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബാംഗങ്ങള്‍. 65 വയസ്സുള്ള ഫ്‌ലോറന്‍സും മക്കളും ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളില്‍ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ, പാറശ്ശാല സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘവും ഫയര്‍ഫോഴ്‌സും താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവച്ച് മടങ്ങി.
27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സാ ആവശ്യത്തിനായി പാറശ്ശാല സ്വദേശിയായ ജെയിംസ്, തമിഴ്നാട് സ്വദേശിയായ മോഹന്‍ദാസ് എന്ന ഫിനാന്‍സ് ഉടമയില്‍ നിന്ന് 1,60,000 രൂപ കടം വാങ്ങിയിരുന്നു. വീടും സ്ഥലവും ഈട് നല്‍കിക്കൊണ്ടാണ് വായ്പ എടുത്തത്. പല തവണകളായി 10 ലക്ഷത്തോളം രൂപ തിരിച്ചടച്ചതായാണ് കുടുംബം അവകാശപ്പെടുന്നത്. പത്ത് വര്‍ഷം മുമ്പ് ജെയിംസ് മരണപ്പെട്ടതിന് ശേഷം മോഹന്‍ദാസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
കോടതി വിധിയുമായി എത്തിയ മോഹന്‍ദാസിനോട് 17 ലക്ഷം രൂപ നല്‍കാമെന്ന് ജെയിംസിന്റെ മകള്‍ അറിയിച്ചെങ്കിലും അദ്ദേഹം പിന്മാറാന്‍ തയ്യാറായില്ല. വീട്ടമ്മയെയും മക്കളെയും നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. വീട്ടുകാര്‍ സമയം ചോദിച്ചെങ്കിലും കോടതി അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോയതോടെയാണ് കുടുംബാംഗങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നിലവില്‍ പോലീസ് സംഘം സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും ഏത് നിമിഷവും വീട് നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഈ കുടുംബം.