Image

വലിയ 170 മണ്ഡലങ്ങൾ വിഭജിക്കണം, ലോക്‌സഭാ സീറ്റുകൾ 824 ആക്കാൻ ശുപാർശ ; കേരളത്തിൽ 30 മണ്ഡലങ്ങളാകും, ദക്ഷിണേന്ത്യയുടെ ആശങ്കകൾക്ക് പരിഹാരം

Published on 12 June, 2026
വലിയ 170 മണ്ഡലങ്ങൾ വിഭജിക്കണം, ലോക്‌സഭാ സീറ്റുകൾ 824 ആക്കാൻ ശുപാർശ ; കേരളത്തിൽ 30 മണ്ഡലങ്ങളാകും, ദക്ഷിണേന്ത്യയുടെ ആശങ്കകൾക്ക് പരിഹാരം

ന്യൂഡൽഹി: രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് നിർണായക ശുപാർശകളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ. നിലവിലുള്ള വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്നാണ് കൗൺസിലിന്റെ പ്രധാന നിർദേശം. ഇതിൽ 59 മണ്ഡലങ്ങൾ രണ്ടായിട്ടും 111 മണ്ഡലങ്ങൾ മൂന്നായും വിഭജിക്കാനാണ് ശുപാർശ. സാമ്പത്തിക ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവി, മുദിത് കപൂർ എന്നിവർ തയ്യാറാക്കിയ ഈ നിർദേശം നടപ്പിലായാൽ രാജ്യത്തെ ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് 824 ആയി വർധിക്കും.

​പുതിയ മണ്ഡല പുനർനിർണയ ഫോർമുല പ്രാബല്യത്തിൽ വരികയാണെങ്കിൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയരും. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റുകളിൽ വലിയ വർധനവുണ്ടാകും. തമിഴ്‌നാട്ടിലെ മണ്ഡലങ്ങളുടെ എണ്ണം 59 ആയും, കർണാടകയിൽ 28-ൽ നിന്ന് 42 ആയും, തെലങ്കാനയിൽ 17-ൽ നിന്ന് 28 ആയും ഉയരും. ആന്ധ്രാപ്രദേശിലെ സീറ്റുകൾ 25-ൽ നിന്ന് 38 ആയി വർധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഉത്തർപ്രദേശിലെ മണ്ഡലങ്ങൾ 80-ൽ നിന്ന് 120 ആയും മഹാരാഷ്ട്രയിൽ 48-ൽ നിന്ന് 72 ആയും വർധിക്കും.

​കേവലം ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടത്തിയാൽ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ രീതിയിൽ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമായിരുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഏകീകൃത ജനസംഖ്യാ അനുപാതത്തിന് (यूनിഫോം പാറ്റേൺ) പകരം, വലിയ മണ്ഡലങ്ങളെ മാത്രം വിഭജിക്കുക എന്ന പുതിയ ബദൽ നിർദ്ദേശം സാമ്പത്തിക ഉപദേശക കൗൺസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക