
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ നാല് വയസ്സുകാരനായ അനന്തരവനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അംജദ് ഖാന് (33) കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും ക്രൂരകൃത്യത്തിൽ പ്രതിക്ക് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും ഗാസിപൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശക്തി സിംഗ് നിരീക്ഷിച്ചു. ജയിലിൽ നിന്ന് മോചിപ്പിച്ചാൽ തർക്കത്തിന് വരുന്നവരെ ഇനിയും കൊലപ്പെടുത്തുമെന്ന് കോടതിമുറിയിൽ പ്രതി ജഡ്ജിയോട് വിളിച്ചുപറഞ്ഞത് ഞെട്ടലുണ്ടാക്കി. പ്രതിയുടെ ഈ ക്രൂരമായ മനോനില കൂടി പരിഗണിച്ചാണ് കോടതി കടുത്ത ശിക്ഷ വിധിച്ചതും തുടർന്ന് പരമ്പരാഗത രീതിയിൽ ജഡ്ജി പേനയുടെ തുമ്പ് ഒടിച്ചതും. വധശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്.
2021 ഒക്ടോബർ 21-നായിരുന്നു ഉത്തർപ്രദേശിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയായ അംജദിന്റെ സഹോദരി ഷബാന നാസും മകൻ ദാനിയാൽ ഖാനും കുടുംബവീട്ടിൽ എത്തിയതായിരുന്നു. അവിടെ വെച്ചുണ്ടായ ചെറിയ കുടുംബ തർക്കത്തിനൊടുവിൽ, പ്രകോപിതനായ അംജദ് സ്വന്തം സഹോദരിയുടെ കണ്ണുമുന്നിൽ വെച്ച് നാല് വയസ്സുകാരനായ കുഞ്ഞിനെ കത്തികൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മറ്റൊരു മാതുലനായ അർബാസ് ഖാൻ നൽകിയ പരാതിയിലാണ് ദിൽദാർനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോകത്തെക്കുറിച്ച് ഒന്നും അറിയാത്ത കുഞ്ഞിനോട് ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്നും, സ്വന്തം മകൻ കൊല്ലപ്പെടുന്നത് കാണേണ്ടിവന്ന അമ്മയുടെ വേദന വാക്കുകൾക്ക് അതീതമാണെന്നും വിധിന്യായത്തിൽ ജഡ്ജി കുറിച്ചു.
വിചാരണ വേളയിൽ പ്രതിയുടെ സ്വന്തം കുടുംബം തന്നെ അംജദിനെതിരെ കോടതിയിൽ സാക്ഷി പറഞ്ഞത് കേസിൽ നിർണായകമായി. പ്രതിയുടെ മൂന്ന് സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. ഒൻപത് സാക്ഷികളെ വിസ്തരിച്ച കോടതി, ശാസ്ത്രീയവും ഫോറൻസിക്തുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി പൂർണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സ്വന്തം ചോരയിൽ പിറന്നവർ തന്നെ പ്രതിക്കെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് നാല് വർഷത്തിന് ശേഷം കേസിൽ മാതൃകാപരമായ വിധി വന്നിരിക്കുന്നത്.