
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്. കടുത്ത പനിയും ശ്വാസതടസ്സവും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
രോഗലക്ഷണങ്ങളെ തുടർന്ന് സജീവിനെ ആദ്യം കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം വലിയ മരം വീണ് റോഡ് പൂർണ്ണമായി തടസ്സപ്പെട്ടത് തിരിച്ചടിയായി.
ഇതോടെ രോഗിയുമായി പോയ ആംബുലൻസ് ഒരു മണിക്കൂറോളമാണ് ചുരത്തിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ച് മരം മുറിച്ച് മാറ്റി യാത്ര പുനരാരംഭിച്ചുവെങ്കിലും സജീവിന് കൃത്യസമയത്ത് അടിയന്തര വൈദ്യസഹായം എത്തിക്കാൻ സാധിച്ചില്ല. ചുരത്തിലെ യാത്രാതടസ്സം മൂലം ചികിത്സ വൈകിയതാണ് യുവാവിന്റെ മരണത്തിന് കാരണമായത്.