
കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വീണ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര ഏജൻസി പുതിയ സമൻസ് നൽകിയത്. വരും ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പുതിയ നിർദേശം.
ഇന്ന് രാവിലെ 10.30-ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ സമൻസ് നൽകിയിരുന്നെങ്കിലും വീണ എത്തിയിരുന്നില്ല. കേസ് അന്വേഷണവുമായി സഹകരിക്കാൻ രണ്ടാഴ്ചത്തെ സാവകാശമാണ് വീണ ഇ.ഡിയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്രയും ദീർഘമായ സമയം അനുവദിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഇ.ഡി, ബുധനാഴ്ച തന്നെ ഹാജരാകാൻ കർശന നിർദേശം നൽകുകയായിരുന്നു. അതേസമയം, ഇ.ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണസംഘം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ കേസിൽ വീണ ഉൾപ്പെടെ ഒൻപത് പേർക്കാണ് ഇ.ഡി നേരത്തെ സമൻസ് അയച്ചിരുന്നത്. വീണയ്ക്കൊപ്പമുള്ള മറ്റ് പ്രതികളെയും സാക്ഷികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത അടക്കമുള്ളവരോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.