Image

ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് നേരെ യു എസ് മിസൈലാക്രമണം; കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

Published on 11 June, 2026
ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് നേരെ യു എസ് മിസൈലാക്രമണം; കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ന്യൂഡൽഹി ; ഒമാൻ ഉൾക്കടലിൽ ഇറാനിൽ നിന്നുള്ള എണ്ണ കടത്താൻ ശ്രമിച്ച എം ടി ജൽവീർ എന്ന കപ്പലിന് നേരെ അമേരിക്കൻ സൈന്യം മിസൈലാക്രമണം നടത്തി. ഗിനിയ ബിസാവു പതാകയേന്തിയ ഈ എണ്ണ ടാങ്കറിൽ 20 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്. യു എസ് സെൻട്രൽ കമാൻഡ് (സെന്റകോം) നടത്തിയ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അതിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇറാന് മേൽ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഒരേപോലെ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് യു എസ് വ്യക്തമാക്കി. അമേരിക്കൻ യുദ്ധവിമാനത്തിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകളാണ് എം ടി ജൽവീറിന്റെ എൻജിൻ റൂമിലേക്ക് തൊടുത്തതെന്ന് ഫ്ലോറിഡയിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 

യു എസ് സേന നൽകിയ നിർദ്ദേശങ്ങൾ കപ്പലിലെ ജീവനക്കാർ തുടർച്ചയായി ലംഘിച്ചതിനെത്തുടർന്നാണ് കൃത്യമായ ലക്ഷ്യത്തോടെയുള്ള മിസൈലാക്രമണം നടത്തിയതെന്ന് അമേരിക്ക പറയുന്നു. ടാങ്കറുകൾ പൂർണ്ണമായി മുക്കിക്കളയാതെ, അവയുടെ എൻജിൻ റൂമുകളെ ലക്ഷ്യം വെച്ച് നിഷ്ക്രിയമാക്കുക എന്ന രീതിയിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ എല്ലാ കപ്പലുകൾക്കും ഈ ഉപരോധം ബാധകമാണെന്ന് സെന്റകോം കൂട്ടിച്ചേർത്തു. ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇസ്‍ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഏപ്രിൽ 13 നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മേൽ നാവിക ഉപരോധം പ്രഖ്യാപിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക