
ഒമാൻ തീരത്തിനു സമീപം യുഎസ് സേന ആക്രമിച്ച ഇന്ത്യൻ വാണിജ്യ കപ്പൽ എം ടി സെറ്റെബെല്ലോയിലെ 21 ജീവനക്കാരെ രക്ഷപെടുത്തിയെന്നും മൂന്നു പേരെ കാണാനില്ലെന്നും ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിൽ രണ്ടു പേർ മരിച്ചെന്നാണ് അനൗദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മനോജ് യാദവ് നൽകിയ വിവരം ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ എന്നിവർ മരിച്ചെന്നാണ്.ഡെക്ക് കേഡറ്റാണ് ശർമ. ചൗരസ്യ എൻജിൻ ഫിറ്ററും. ചീഫ് എൻജിനിയർ പാറ്റ്നല സുരേഷിനെ ഇനിയും കണ്ടു കിട്ടിയിട്ടില്ല.
ആക്രമിച്ചത് ആരാണെന്നു മന്ത്രാലയം വക്താവ് പറഞ്ഞില്ലെങ്കിലും യുഎസ് എംബസിയെ ഇന്ത്യ പ്രതിഷേധം അറിയിച്ചതിൽ നിന്ന് ആക്രമണത്തിന് ഉത്തരവാദി ആരാണെന്നു വ്യക്തമാകുന്നു. മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി നാഗരാജ് നായിഡു യുഎസ് എംബസിയിലെ ഷാരെ ദഫാരെ ജേസൺ മേക്‌സിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
ആക്രമണം യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിക്കയും ചെയ്തു. ഗൾഫ് ഓഫ് ഒമാനിൽ നാവിക ഉപരോധം ലംഘിച്ച കപ്പലിനെ ആക്രമിച്ചെന്നു അവർ പറഞ്ഞു.
കപ്പലിന്റെ എൻജിൻ റൂമിൽ യുഎസ് മിസൈൽ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി. 28 ജീവനക്കാർ ഉണ്ടായിരുന്ന കപ്പലിൽ 24 പേർ ഇന്ത്യക്കാർ ആയിരുന്നു. ഒമാന്റെ സോഹാർ തുറമുഖത്തിനു 20 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു ആക്രമണം. ഒമാൻ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തി.
ഒമാൻ ഗവൺമെന്റ് നൽകിയ സഹായത്തിനു നന്ദി പറഞ്ഞ വക്താവ് രൺധീർ ജയ്‌സ്വാൾ ആക്രമണത്തെ അപലപിക്കയും ചെയ്തു. മേഖലയിൽ കപ്പലുകൾക്കു നേരെയുള്ള ആക്രമണം തുടരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണത്തിനു മുൻപ് കപ്പലും യുഎസ് നാവിക സേനയുമായി ബന്ധപ്പെട്ടിരുന്നു എന്നു ജയ്‌സ്വാൾ പറഞ്ഞു. നിർദേശങ്ങൾ പാലിക്കാൻ കപ്പൽ വിസമ്മതിച്ചാണ് ആക്രമണത്തിനു കാരണമെന്നു സെന്റ്‌കോം പറഞ്ഞിരുന്നു.
നൂറു ദിവസം കടന്ന സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഇറാനും അടിയന്തര നടപടി സ്വീകരിക്കണമെന്നു ജയ്‌സ്വാൾ പറഞ്ഞു.
India protests to US against attack on ship