Image

ടൊറന്റോയില്‍ കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, നാലില്‍ ഒരു കുട്ടി വീതം അതി ദാരിദ്ര്യത്തില്‍

Published on 10 June, 2026
ടൊറന്റോയില്‍ കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, നാലില്‍ ഒരു കുട്ടി വീതം  അതി ദാരിദ്ര്യത്തില്‍

ടൊറന്റോ: ടൊറന്റോയില്‍ കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നാലില്‍ ഒരു കുട്ടി വീതം (25.7 ശതമാനം) കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നാണ് ‘സോഷ്യല്‍ പ്ലാനിങ്് ടൊറന്റോ’ (SPT) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നഗരത്തിലെ പല കുടുംബങ്ങളുടെയും വരുമാനം ദാരിദ്ര്യരേഖയ്ക്കും താഴേക്ക് ക്രമാതീതമായി കൂപ്പുകുത്തുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.


തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ടൊറന്റോയില്‍ ദാരിദ്ര്യനിരക്ക് വര്‍ധിക്കുന്നത്. 2022ല്‍ നിന്നും 2023ലേക്ക് എത്തിയപ്പോള്‍ മാത്രം ഏകദേശം 1,800 കുട്ടികള്‍ കൂടി പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ഇതോടെ കാനഡയിലെ വന്‍നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യം അനുഭവിക്കുന്ന ‘ദാരിദ്ര്യ തലസ്ഥാനം’ എന്ന മോശം പേര് ടൊറന്റോയ്ക്ക് സ്വന്തമായിരിക്കുകയാണ്. കാനഡയിലെ മറ്റ് നഗരങ്ങളായ വിനിപെഗ് (23.6%), പീല്‍ റീജന്‍(21.7%) എന്നിവയാണ് ടൊറന്റോയ്ക്ക് തൊട്ടുപിന്നിലുള്ളത്.

സിംഗിള്‍ പാരന്റ് കുടുംബങ്ങളെയാണ് ഈ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇത്തരം കുടുംബങ്ങളില്‍ പകുതിയിലധികവും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ടൊറന്റോയിലെ 25 വാര്‍ഡുകളില്‍ ഒന്‍പതിടത്തും ദാരിദ്ര്യനിരക്ക് 30 ശതമാനത്തിനും മുകളിലാണ്. ടൊറന്റോ സെന്റര്‍ (36.1%), ഹംബര്‍ റിവര്‍-ബ്ലാക്ക് ക്രീക് (35%), സ്‌കാര്‍ബ്‌റോ-ഗില്‍ഡ്വുഡ് (34%) എന്നീ മേഖലകളിലാണ് അവസ്ഥ ഏറ്റവും പരിതാപകരം.

നഗരസഭയുടെ ഭാഗത്തുനിന്ന് കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും, ഈ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാന്‍ പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകളുടെ വലിയ തോതിലുള്ള സാമ്പത്തിക ഇടപെടലുകളും നിക്ഷേപങ്ങളും അടിയന്തിരമായി ആവശ്യമാണെന്ന് സോഷ്യല്‍ പ്ലാനിങ് ടൊറന്റോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിന്‍ ഹഹ് വ്യക്തമാക്കി. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കാനഡ ചൈല്‍ഡ് ബെനഫിറ്റ് (CCB) പദ്ധതി വഴി ദാരിദ്ര്യം കുറഞ്ഞിരുന്നെങ്കിലും, തുടര്‍ നിക്ഷേപങ്ങളുടെ കുറവാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക