Image

​"രോഗക്കിടക്കയിലും വേട്ടയാടി, സലിംകുമാറിനെതിരായ സൈബർ ആക്രമണം കേരളത്തിന് അപമാനം" ; സംസ്‌കാരച്ചടങ്ങിലെ തിരക്ക് നിയമം കൊണ്ട് നിയന്ത്രിക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

Published on 10 June, 2026
​"രോഗക്കിടക്കയിലും വേട്ടയാടി, സലിംകുമാറിനെതിരായ സൈബർ ആക്രമണം കേരളത്തിന് അപമാനം" ; സംസ്‌കാരച്ചടങ്ങിലെ തിരക്ക് നിയമം കൊണ്ട് നിയന്ത്രിക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ മൊബൈൽ ക്യാമറകളുമായി തിക്കും തിരക്കും ഉണ്ടാക്കിയ സംഭവം നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിംകുമാർ രോഗബാധിതനായി കിടക്കുമ്പോഴും മരിച്ചതിന് ശേഷവും സോഷ്യൽ മീഡിയയിലൂടെ വൻതോതിൽ മോശമായ പ്രചാരണങ്ങൾ നടന്നതായും ഇത് കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു കലാകാരന്റെ രാഷ്ട്രീയത്തിന്റെ പേരിൽ, അദ്ദേഹം വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ പോലും ക്രൂരമായ സൈബർ ആക്രമണം നടത്തിയവർ ആരാണെന്ന് കേരളം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​സംസ്‌കാര ചടങ്ങിനിടെയുണ്ടായ അനാദരവിനെതിരെ താൻ തന്നെ നേരിട്ട് ഇടപെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിന് ഗാർഡ് ഓഫ് ഓണർ നൽകാനോ കുടുംബാംഗങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനോ സാധിക്കാത്ത വിധം വല്ലാത്തൊരു സാഹചര്യമാണ് അവിടെയുണ്ടായത്. ജനക്കൂട്ടത്തോട് മാറിനിൽക്കാൻ താൻ തന്നെയാണ് ആദ്യം ആവശ്യപ്പെട്ടത്. മലയാളികളെ ഇത്രയേറെ ചിരിപ്പിച്ച, ദേശീയ അവാർഡ് നേടിയ ഒരു നടനോടാണ് ഈ ക്രൂരത കാണിച്ചതെന്നും സലീംകുമാർ ചെയ്ത തെറ്റെന്താണെന്നും മുഖ്യമന്ത്രി വികാരാധീനനായി ചോദിച്ചു.

​എല്ലാവർക്കും രാഷ്ട്രീയമുണ്ടെന്നും അതിനർത്ഥം രോഗക്കിടക്കയിൽ കിടക്കുന്ന ഒരാളെപ്പോലും ഇത്തരത്തിൽ വേട്ടയാടാമെന്നല്ലെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. 'ചത്തുകൂടേ' എന്ന് വരെ ചോദിച്ചുകൊണ്ടുള്ള അതിക്രൂരമായ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. സാംസ്കാരിക കേരളത്തിന് അപമാനകരമായ ഈ സൈബർ ക്യാമ്പയിന് പിന്നിൽ പ്രവർത്തിച്ചവർ സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് പിന്മാറണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ശക്തമായി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക