Image

യുഎസ് ആക്രമണത്തിനു ഇറാന്റെ മറുപടി: ബഹ്‌റൈനിലും കുവൈറ്റിലും ജോർദാനിലും ആക്രമണം നടത്തി (പിപിഎം)

Published on 10 June, 2026
 യുഎസ് ആക്രമണത്തിനു ഇറാന്റെ മറുപടി: ബഹ്‌റൈനിലും കുവൈറ്റിലും ജോർദാനിലും ആക്രമണം നടത്തി (പിപിഎം)

ഇറാന്റെ തുറമുഖങ്ങളിലും ദ്വീപുകളിലും യുഎസ് സേന ആക്രമണം നടത്തിയതിനു പിന്നാലെ ഇറാൻ ബുധനാഴ്ച്ച ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു.

ഹോർമുസ് കടലിടുക്കിൽ യുഎസ് ഹെലികോപ്റ്റർ ഇറാൻ അടിച്ചിട്ടതിനു മറുപടിയായിട്ടാണ് ഇറാനിൽ യുഎസ് സേന പുലർച്ചെ ആക്രമണം നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ ബഹ്‌റൈനിലും കുവൈറ്റിലും ജോർദാനിലും ഇറാന്റെ മിസൈലുകൾ പതിച്ചു.

ബഹ്‌റൈനിൽ യുഎസ് ഫിഫ്‌ത് ഫ്‌ളീറ്റിനു നേരെ ഡ്രോണുകൾ അടിച്ചെന്ന് ഇറാൻറെ വിപ്ലവ സേന ഐ ആർ ജി സി പറഞ്ഞു. കുവൈറ്റിൽ അലി അൽ സാലെം വ്യോമതാവളത്തിലും ഡ്രോണുകൾ വർഷിച്ചു. ജോർദാനിലേക്കു ദീർഘദൂര മിസൈലുകൾ അയച്ചു. 

ജോർദാനിലെ ഒരു എഫ്-35 ഹാങ്ങർ തകർത്തുവെന്ന് ഐ ആർ ജി സി പറഞ്ഞു. യുഎസിന്റ ഒരു എംക്യൂ-9 ഡ്രോൺ ഇറാനിലെ ജാം നഗരത്തിനു മീതെ വീഴ്ത്തി.

ഇറാന്റെ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഖാഷേം ദ്വീപ്, സിറിക് കൗണ്ടി, ജാസ്‌ക് കൗണ്ടി എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായെന്നു ഇറാൻ വാർത്താ ഏജൻസികൾ നേരത്തെ അറിയിച്ചു.  

സിറിക്കിലും ഖാഷെമിലും മിനാബ് നഗരത്തിലും ആറു സ്‌ഫോടനങ്ങൾ ഉണ്ടായെന്നു തസ്‌നീം ന്യൂസ് ഏജൻസി പറഞ്ഞു. യുഎസ് ജെറ്റുകൾ ഇവിടങ്ങളിൽ ആക്രമണം നടത്തിയതായി ഏജൻസി സ്ഥിരീകരിച്ചു.

Iran attacks Bahrain, Jordan and Kuwait 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക