
എച്-1 ബി വിസയ്ക്കു $100,000 ഫീ ചുമത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടി അമിതാധികാര പ്രയോഗമാണെന്നു ചൂണ്ടിക്കാട്ടി കോടതി അസാധുവാക്കിയതിനു പിന്നാലെ, ആ ഫീ സ്ഥിരമായി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ റിപ്പബ്ലിക്കൻ റെപ്. മൈക്ക് കെന്നഡി (യൂട്ടാ) കോൺഗ്രസിൽ അവതരിപ്പിച്ചു.
കോൺഗ്രസിനു മാത്രമേ അങ്ങിനെയൊരു ചട്ടം കൊണ്ടുവരാൻ അധികാരമുള്ളൂ എന്നു മാസച്ചുസെറ്റ്സ് യുഎസ് ഡിസ്ട്രിക്ട് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
വിദേശിയരെ കൊണ്ടുവരുന്ന വിസ പ്രോഗ്രാം പരിഷ്കരിക്കാൻ ഈ ഫീ സ്ഥിരമാക്കണമെന്ന് കെന്നഡി പറഞ്ഞു. അതിനു കോൺഗ്രസിൽ നിയമനിർമാണം നടത്തണം.
പ്രൊട്ടക്റ്റ് ആക്ട് എന്ന ബിൽ പ്രസിഡന്റിന്റെ എച്-1 ബി പരിഷ്കാരങ്ങൾക്കു നിയമസാധുത കൊണ്ടുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "അമേരിക്കൻ ജീവനക്കാർക്കാണ് മുൻഗണന നൽകേണ്ടത്."
ഉയർന്ന ശമ്പളം നൽകുന്ന തൊഴിൽ ഉടമകൾക്കു മുൻഗണന നൽകാനുളള വ്യവസ്ഥയും ബില്ലിലുണ്ട്. അമേരിക്കൻ തൊഴിലാളികളെ അവഗണിച്ചു കുറഞ്ഞ വേതനത്തിൽ വിദേശിയരെ കൊണ്ടു വരാൻ ഇനി തൊഴിൽ ഉടമകൾക്കു കഴിയാതെ വരും.
"കഠിനാധ്വാനം ചെയ്യുന്ന അമേരിക്കക്കാർക്ക് തൊഴിലിൽ മുൻഗണന ലഭിച്ചേ തീരൂ. അവർക്കു ജോലി വേണം, അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയണം, സമൂഹങ്ങളെ മെച്ചപ്പെടുത്താൻ കഴിയണം."
ചില വിഭാഗങ്ങളിലുള്ള ആരോഗ്യ രക്ഷാ പ്രവർത്തകർക്കു ബില്ലിൽ ഒഴിവു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഫിസിഷ്യന്മാർ, റജിസ്റ്റർ ചെയ്ത നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ, രോഗികളെ ശുശ്രൂഷിക്കുന്ന മറ്റുള്ളവർ എന്നിവർക്കാണ് ഒഴിവ്. എന്നാൽ ആ ജോലികൾക്കു അമേരിക്കക്കാരെ കിട്ടാനില്ല എന്നു തൊഴിലുടമ തെളിയിച്ചാൽ മാത്രമേ ആനുകൂല്യം ലഭ്യമാവൂ.
1990ൽ കോൺഗ്രസ് എച്-1 ബി പ്രോഗ്രാം കൊണ്ടുവന്നത് കൂടുതൽ മികവുള്ള ജീവനക്കാരെ വിദേശത്തു നിന്നു കൊണ്ടുവരാൻ യുഎസ് തൊഴിലുടമകളെ സഹായിക്കാനാണ്. സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളും ആരോഗ്യ രക്ഷ നൽകുന്നവരുമാണ് അത് ഏറ്റവുമധികം ഉപയോഗിക്കുന്നത്.
അതിൽ ഏറ്റവും കൂടുതൽ പേർ വരുന്നത് ഇന്ത്യയിൽ നിന്നാണ്. അതു കൊണ്ടുതന്നെ മാറ്റങ്ങൾ ഏറ്റവും ആശങ്കയോടെ നിരീക്ഷിക്കുന്നതും ഇന്ത്യക്കാർ തന്നെ.
H-1 B fee legislation planned in Congress