
ഹോർമുസ് കടലിടുക്കിനു സമീപം ചൊവാഴ്ച്ച ഇറാൻ ഒരു യുഎസ് സൈനിക ഹെലികോപ്റ്റർ തകർത്തതിനെ തുടർന്നു യുഎസ് ഇറാനിൽ ആക്രമണം നടത്തി. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് അനുസരിച്ചായിരുന്നു ആക്രമണമെന്നു സെന്റ്‌കോം അറിയിച്ചു.
ആക്രമണങ്ങൾ 'വളരെ ശക്തം, വളരെ ശക്തം' ആയിരുന്നുവെന്ന് ട്രംപ് എ ബി സി ന്യൂസിനോടു പറഞ്ഞു. യുഎസ് ഈസ്റ്റേൺ ടൈം പുലർച്ചെ 5 മണിക്കാണ് തുടങ്ങിയത്.
തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഖാഷേം ദ്വീപ്, സിറിക് കൗണ്ടി, ജാസ്‌ക് കൗണ്ടി എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായെന്നു ഇറാൻ വാർത്താ ഏജൻസികൾ അറിയിച്ചു.
സിറിക്കിലും ഖാഷെമിലും മിനാബ് നഗരത്തിലും ആറു സ്‌ഫോടനങ്ങൾ ഉണ്ടായെന്നു തൻസീം ന്യൂസ് ഏജൻസി പറഞ്ഞു. യുഎസ് ജെറ്റുകൾ ഇവിടങ്ങളിൽ ആക്രമണം നടത്തിയതായി ഏജൻസി സ്ഥിരീകരിച്ചു.
യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ വീഴ്ത്തിയത് ഇറാൻ ആണെന്നു ട്രംപ് നേരത്തെ ആരോപിച്ചു. "തിരിച്ചടിക്കും," അദ്ദേഹം പറഞ്ഞു. ഹോർമുസിൽ പട്രോളിങ് നടത്തിയിരുന്ന കോപ്റ്ററിന്റെ രണ്ടു പൈലറ്റുമാരെയും രക്ഷപെടുത്താൻ കഴിഞ്ഞു. "അവർക്കു പരുക്കില്ല, സുരക്ഷിതരാണ്. പക്ഷെ ഇതിനു മറുപടി നൽകേണ്ടത് അത്യാവശ്യമാണ്."
ഇറാനെതിരെ അടുത്തിടെ നടത്തിയ ആക്രമണങ്ങൾ കൂടുതൽ ശക്തമായ ആക്രമണത്തിന്റെ മുന്നോടിയാണെന്നു ഇസ്രയേലി ആർമി കമാൻഡർ എയാൽ സമീർ പറഞ്ഞു. "വെടിനിർത്തൽ ഭദ്രമല്ല. ഇസ്രയേലി സേന ഐ ഡി എഫ് മറ്റൊരു യുദ്ധത്തിനു സജ്ജമാണ്. ഇറാനെ അടിച്ചു തീർക്കും."
സ്ഥലം വിട്ടോളൂ എന്ന് ഇറാൻ
അതേ സമയം, യുഎസ് പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നു പിൻവാങ്ങുന്നതാണ് നല്ലതെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി താക്കീതു നൽകി. "നിങ്ങളുടെ സുരക്ഷയ്ക്ക് അതാണു നല്ലത്. ഏതു ആക്രമണത്തെയും ഭീഷണിയെയും നേരിടാൻ ഞങ്ങളുടെ സൈന്യം സജ്ജമാണ്.