Image

വ്യാജ ഓർഡർ നൽകി കെണിയൊരുക്കി; യു.എസിൽ പിസ ഡെലിവറിക്കിടെ തെലങ്കാന സ്വദേശിയായ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

Published on 07 June, 2026
വ്യാജ ഓർഡർ നൽകി കെണിയൊരുക്കി; യു.എസിൽ പിസ ഡെലിവറിക്കിടെ തെലങ്കാന സ്വദേശിയായ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

​ന്യൂയോർക്ക്: അമേരിക്കയിലെ ഫിലാഡെൽഫിയയിൽ പാർട്ട് ടൈം പിസ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഇരുപത്തിയെട്ടുകാരനായ അൻഷുൽ കുഞ്ചയാണ് ശനിയാഴ്ച രാത്രി ദാരുണമായി കൊല്ലപ്പെട്ടത്. വ്യാജ പിസ ഓർഡറിലൂടെ ആസൂത്രിതമായി കെണിയൊരുക്കിയാണ് അൻഷുലിനെ അക്രമികൾ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. മൾട്ടിനാഷണൽ കമ്പനിയിൽ സ്ഥിരജോലിയുണ്ടായിരുന്ന അൻഷുൽ, അധിക വരുമാനത്തിനായാണ് വാരാന്ത്യങ്ങളിൽ പിസ ഡെലിവറിക്ക് പോയിരുന്നത്. ഓർഡർ അനുസരിച്ച് പിസ എത്തിക്കാൻ പോയ അൻഷുലിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് പലതവണ വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

​അൻഷുലിനെ വധിക്കാൻ വേണ്ടിമാത്രം അക്രമികൾ ഒരുക്കിയ വലയായിരുന്നു ഇതെന്ന് അദ്ദേഹത്തിന്റെ സഹോദരി തൻവി കുഞ്ച പറഞ്ഞു. പിസ എത്തിക്കേണ്ട വിലാസം ആളൊഴിഞ്ഞതും ഉപയോഗത്തിലില്ലാത്തതുമായ സ്ഥലമാണെന്ന് ഫിലാഡെൽഫിയ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവസമയത്ത് മുഖംമൂടി ധരിച്ച രണ്ടുപേരെ പ്രദേശത്ത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട അൻഷുലിന്റെ പക്കൽ നിന്നും പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ, കവർച്ച ലക്ഷ്യമിട്ടല്ല ഈ കൊലപാതകമെന്നും യുവാവിനെ വകവരുത്താൻ തന്നെയായിരുന്നു അക്രമികളുടെ പദ്ധതിയെന്നുമാണ് ഉയരുന്ന ശക്തമായ സംശയം.

​നാട്ടിൽ സന്തോഷത്തോടെ ജീവിച്ചിരുന്ന അൻഷുലിനെ മികച്ച ഭാവിക്കായി തങ്ങൾ നിർബന്ധിച്ചാണ് നാല് വർഷം മുൻപ് യു.എസിലേക്ക് അയച്ചതെന്നും, മക്കളെ വിദേശത്തേക്ക് അയക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഇതൊരു മുന്നറിയിപ്പാണെന്നും വികാരാധീനയായ സഹോദരി കൂട്ടിച്ചേർത്തു. അൻഷുലിന്റെ ഭൗതികദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തുകയും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി ഫിലാഡെൽഫിയ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 10:58:39
💥🔥 എന്താ emalayalee ഇത്?? 'അമേരിക്കയിലെ- ന്യൂയോർക്കിലെ -ഫിലാ ഡെൽഫിയയിൽ' 'പിസ ഡെലിവറി എക്സിക്യൂട്ടീവ് ' - ഇങ്ങനെ ഒരു സ്ഥലവും, ഇങ്ങനെ ഒരു Job Title-ഉം ആദ്യമായിട്ടാണ് കേൾക്കുന്നത്. റെജീസ് 🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക