
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ നേതാവുമായ ജോസഫ് സി. വിജയ്ക്ക് കടുത്ത രാഷ്ട്രീയ വെല്ലുവിളിയുയർത്തി ഭാര്യ സംഗീത സ്വർണലിംഗം ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. തമിഴ് രാഷ്ട്രീയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച് അധികാരത്തിലെത്തിയ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നൽകാൻ ബിജെപി കേന്ദ്രങ്ങൾ കരുക്കൾ നീക്കുന്നതായാണ് വിവരം. സിനിമയിലെ ഒരു പ്രമുഖ നടി വഴി സംഗീതയെ പാർട്ടിയിലെത്തിക്കാൻ ബിജെപിയുടെ മുതിർന്ന നേതാക്കൾ ചർച്ചകൾ നടത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിജയ്യുമായി ഏറെ അടുത്ത ബന്ധമുള്ള കുടുംബാംഗം തന്നെ എതിർചേരിയിലെത്തുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയ്യും സംഗീതയും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ തമിഴ് മാധ്യമങ്ങളിൽ സജീവമായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തോടെയും മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം ഈ അഭ്യൂഹങ്ങൾക്ക് വലിയ ശക്തി പകർന്നു. ഇതേസമയം, നടി തൃഷയുമായുള്ള വിജയ്യുടെ സൗഹൃദവും വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിനിടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഗീത കുടുംബകോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. നിലവിൽ രണ്ട് മക്കളോടൊപ്പം മാറിത്താമസിക്കുന്ന സംഗീതയുടെ വിവാഹമോചന ഹർജി ഈ മാസം ചെങ്കൽപ്പേട്ട് കുടുംബകോടതി പരിഗണിക്കും. അന്ന് ദമ്പതികളോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കൻ തമിഴ് വ്യവസായ കുടുംബത്തിൽ നിന്നുള്ള സംഗീത, കോടികളുടെ ആസ്തിയുള്ള ലണ്ടനിലെ ബിസിനസ്സ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. 1999-ൽ വിവാഹിതരായ ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആദ്യം ആരാധികയായി വിജയ്യെ കണ്ടുമുട്ടിയ സംഗീതയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ദക്ഷിണേന്ത്യൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതൊരു സുപ്രധാന ചർച്ചയായി മാറിക്കഴിഞ്ഞു. വിജയ്യുടെ രാഷ്ട്രീയ ജനപ്രീതിയെ പ്രതിരോധിക്കാൻ സംഗീതയെ മുൻനിർത്തിയുള്ള ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.