Image

'രക്ഷാപ്രവർത്തന' കേസ്: ഗൺമാൻമാരുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദപ്രതിവാദം; 308-ാം വകുപ്പ് ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതിഭാഗം

Published on 03 June, 2026
'രക്ഷാപ്രവർത്തന' കേസ്: ഗൺമാൻമാരുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദപ്രതിവാദം; 308-ാം വകുപ്പ് ചുമത്തിയതിനെ ചോദ്യം ചെയ്ത് പ്രതിഭാഗം

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ അഞ്ച് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ വിശദമായ വാദം പൂർത്തിയായി. ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് കേസ് പരിഗണിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സുരക്ഷാ ചുമതല മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കരിങ്കൊടി ഉയർത്തി വാഹനത്തിന് മുന്നിലേക്ക് ചാടിയടുത്ത പ്രതിഷേധക്കാരിൽ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സുരക്ഷാ ജീവനക്കാർക്കായിരുന്നുവെന്നും, ആ സമയം മുഖ്യമന്ത്രി വലിയ സുരക്ഷാഭീഷണി നേരിട്ടിരുന്നതായും വ്യക്തമാക്കുന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ടും, മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടായാൽ വാഹനത്തിൽ നിന്ന് ഇറങ്ങി നേരിടാമെന്ന് വ്യക്തമാക്കുന്ന 2011 ലെ സർക്കുലറും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

​കേസിൽ പ്രതികൾക്കെതിരെ നരഹത്യാശ്രമം (ഐ.പി.സി 308) ചുമത്തിയതിനെ പ്രതിഭാഗം കോടതിയിൽ ശക്തമായി ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളില്ലാതെയാണ് ഈ ഗുരുതരമായ വകുപ്പ് ചുമത്തിയതെന്നും, അടിക്കും മുൻപ് തലയിൽ കൈ വെച്ചില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്ന വാദം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും അവർ വാദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.റ്റി) റിപ്പോർട്ടിലെ വൈരുധ്യങ്ങളും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മെയ് 30-ന് രാവിലെയാണ് ഐ.പി.സി 308 ചേർത്ത് എസ്.ഐ.റ്റി കോടതിയിൽ റിപ്പോർട്ട് നൽകിയത്, എന്നാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്നേ ദിവസം വൈകുന്നേരമാണ്. ആയുധം പരിശോധിക്കുന്നതിന് മുൻപ് എങ്ങനെ നരഹത്യാശ്രമം ചുമത്തി റിപ്പോർട്ട് നൽകാൻ കഴിയുമെന്ന് പ്രതിഭാഗം കോടതിയിൽ ചോദിച്ചു.

​വാദം കേൾക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ചോദ്യങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. ഗൺമാൻമാരുടെ ചുമതല മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കൽ മാത്രമല്ലേയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടാൻ അങ്ങനെയൊരു പ്രോട്ടോക്കോൾ ഉണ്ടോയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാൽ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും ഫൈനൽ റിപ്പോർട്ട് ആയിട്ടില്ലല്ലോ എന്നും കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് വാദിഭാഗത്തോട് ചോദ്യങ്ങൾ ഉന്നയിച്ച കോടതി, ആദ്യ മെഡിക്കൽ റിപ്പോർട്ടിൽ ഗുരുതര പരിക്കുകൾ ഉള്ളതായി പരാമർശമില്ലെന്നും തലയിൽ ഏത് ഭാഗത്താണ് മുറിവെന്ന് വ്യക്തമല്ലെന്നും നിരീക്ഷിച്ചു.

​സുരക്ഷാ ജീവനക്കാർ പുറത്തിറങ്ങിയത് ജോലിയുടെ ഭാഗമായാണെന്നും മർദ്ദിക്കാൻ ഉപയോഗിച്ചത് അവർക്ക് അനുവദിച്ചു നൽകിയ ഔദ്യോഗിക വസ്തുവാണെന്നും കോടതി ചൂണ്ടിക്കാട്ടി. മരണം സംഭവിച്ചേക്കാവുന്ന തരത്തിലുള്ള മർദ്ദനമാണെന്ന് ഡോക്ടർ അന്ന് എന്തുകൊണ്ട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. അത് ഡോക്ടർ മറച്ചുവെച്ചതാണെങ്കിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ എന്ന് ആരാഞ്ഞ കോടതി, നിലവിലെ പരാതി അഭിഭാഷക സഹായത്തോടെ പിന്നീട് പൊലിപ്പിച്ച നിലയിലാണെന്ന തരത്തിലും പരാമർശം നടത്തി. നിലവിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമല്ലെന്നും മർദ്ദനത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങൾ അതിലില്ലെന്നും പ്രതിഭാഗം വാദിച്ച കേസിൽ വരും ദിവസങ്ങളിൽ കോടതി വിധി പ്രസ്താവിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക