
തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. പ്രശ്നപരിഹാരത്തിനായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എ.കെ.ജി സെന്ററില്‍ അരമണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്കുശേഷവും ഇരു പാര്‍ട്ടികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ മുന്നണിയില്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി
രൂപപ്പെട്ടിരിക്കുകയാണ്.
മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സി.പി.ഐ. തയ്യാറാണെന്നും അതേപോലെ സി.പി.എമ്മും തയ്യാറാകണമെന്നും ബിനോയ് വിശ്വം ചര്‍ച്ചയ്ക്കുശേഷം പ്രതികരിച്ചു. എല്‍.ഡി.എഫ്. എന്നത് ഇടതുപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും മുന്നണിയാണെന്നും, ആ വാക്കുകളുടെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിന് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ.ക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. ഇത്തരത്തില്‍ ഒരു കീഴ്വഴക്കം മുന്നണിയില്‍ ഇല്ലെന്നാണ് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ് എന്ന ഉദാഹരണമാണ് സി.പി.എം. ഇതിനായി ചൂണ്ടിക്കാട്ടുന്നത്.ഇപ്പോള്‍ പ്രതിപക്ഷ ഉപനേതാവായി സിപിഎം കാണുന്നത് കെ.എന്‍ ബാലഗോപാലിനെയാണ്. സിപിഐയാകട്ടെ കെ.രാജന് ആ പദവി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്