Image

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രി സണ്ണി ജോസഫ്; സഭയിൽ ആയുധമാക്കി പ്രതിപക്ഷം, വിശദീകരണമില്ലാതെ മന്ത്രി

Published on 03 June, 2026
ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രി സണ്ണി ജോസഫ്; സഭയിൽ ആയുധമാക്കി പ്രതിപക്ഷം, വിശദീകരണമില്ലാതെ മന്ത്രി

തിരുവനന്തപുരം: സഹോദരി ഭർത്താവിനെ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച വിവാദം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കിയതോടെ യു.ഡി.എഫ് സർക്കാർ പ്രതിരോധത്തിൽ. സർക്കാർ ജീവനക്കാരെ പ്രതികാരബുദ്ധിയോടെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെയുള്ള ബന്ധുനിയമന ആക്ഷേപം സഭയിൽ ഉയർന്നത്. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ കടന്നാക്രമണമുണ്ടായിട്ടും ഈ വിഷയത്തിൽ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. സ്ഥലംമാറ്റങ്ങൾ എല്ലാം സ്വാഭാവിക പ്രക്രിയ മാത്രമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പൊതുവായ വിശദീകരണം.

​മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുൻ ഇടത് സർക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങൾക്കെതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായി ആഞ്ഞടിച്ച യു.ഡി.എഫ്, അധികാരത്തിലെത്തിയപ്പോൾ എല്ലാം മറന്നുവെന്ന് പ്രതിപക്ഷം വിമർശിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി. ജോയിയാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. മുഖ്യമന്ത്രി കർണാടകയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ പാർലമെന്ററി കാര്യ മന്ത്രിയാണ് പ്രമേയത്തിന് മറുപടി നൽകിയത്. അതേസമയം, ഡി.സി.സി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വാദം.

​ഭരണാനുകൂല സംഘടനകളുടെ അപേക്ഷ പ്രകാരം ജീവനക്കാരെ തിരഞ്ഞുപിടിച്ച് മാറ്റുകയാണെന്നും, രോഗികളെയോ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളവരെയോ പോലും പരിഗണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, ഇടത് ഭരണകാലത്ത് കോൺഗ്രസ് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റിയ പട്ടിക നിരത്തിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതിരോധം. ഇടത് നയമാകില്ല യു.ഡി.എഫിന്റേതെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും, ബന്ധുനിയമനത്തിൽ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുൻപ് എൽ.ഡി.എഫ് നേതാക്കൾക്കെതിരെ ഉയർന്ന ബന്ധുനിയമന വിവാദങ്ങൾക്ക് സമാനമാണ് ഇതെന്നും, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരുടെ പേഴ്സണൽ സ്റ്റാഫ് നിയമന ഉത്തരവിൽ ബെന്നി തോമസിനെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ആരോപിച്ച് ഇടത് കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക