Image

പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകള്‍ വരട്ടേ, പിണറായി വരുന്നത് തിരിച്ചടി ആകും : രൂക്ഷ വിമര്‍ശവുമായി സി പി ഐ

Published on 06 May, 2026
പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകള്‍ വരട്ടേ, പിണറായി വരുന്നത് തിരിച്ചടി ആകും : രൂക്ഷ വിമര്‍ശവുമായി സി പി ഐ

തിരുവനന്തപുരം ; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ ദയനീയ പരാജയത്തിന്റെ പശ്ചത്തലത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകേണ്ടെന്ന് സി പി ഐ. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് വിശകലന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നത്. പാര്‍ട്ടി ദേശീയ നേതൃത്വവും ഇക്കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. 

പിണറായി വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായ സാഹചര്യത്തില്‍ പുതിയ മുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് സി പി ഐ ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സി പി ഐ സംസ്ഥാന നേതൃത്വത്തെയും സി പി എമ്മിനെയും അറിയിക്കും. ഇത്രയും ദയനീയമായ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യു ഡി എഫിന് അനുകൂലമായ സാഹചര്യമൊരുക്കിയതെന്നാണ് സി പി ഐ നേതാക്കള്‍ ചൂണ്ടിക്കാണിച്ചത്.


വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തില്‍ പോലും വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്ന നിലപാട് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. കൂടാതെ വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്‌മോന്‍, ചെറ്റത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചെന്നും പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചുവെന്നും വിമര്‍ശമുയര്‍ന്നു. 

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ സി പി എമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇതിലൂടെ സി പി ഐ നല്‍കുന്നത്. പഴയ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ നേതൃത്വത്തില്‍ ഉണ്ടാകണമെന്നും അവര്‍ വാദിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകള്‍ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും നേതാക്കള്‍ പറയുന്നു.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക