
ആലപ്പുഴയുടെ തീരത്തുനിന്ന് കടൽത്തിരമാലകളോടും ജീവിതത്തിലെ പ്രാരാബ്‌ധങ്ങളോടും പൊരുതിക്കയറിയ ഒരു മുപ്പതുകാരൻ കേരള നിയമസഭയുടെ പടവുകൾ കയറുന്നു . കൈയിൽ മീൻപിടുത്ത വലയുമായി കടലിലിറങ്ങിയ കരുത്തും , ജനകീയ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടവീര്യവും കാട്ടുന്ന എ.ഡി. തോമസ് കേരള രാഷ്ട്രീയത്തിലെ വിസ്‌മയതാരോദയം.. സമരമുഖങ്ങളിലെ തളരാത്ത വീര്യം. സാധാരണക്കാരൻ്റെ കരുത്തും യുവത്വത്തിൻ്റെ ആവേശവും ഒത്തുചേരുന്ന തോമസിൻ്റെ രാഷ്ട്രീയ യാത്ര അതിജീവനത്തിൻ്റെ വലിയൊരു പാഠപുസ്തകമാണ് കേരള ജനതയ്ക്ക് മുന്നിൽ വെക്കുന്നത് ...
മാരാരിക്കുളം അരശർക്കടവിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് കടന്നുവന്ന തോമസിന് ജീവിതം എന്നും പ്രാരാബ്ധങ്ങളുടേതായിരുന്നു. ഡൊമിനിക് ജാക്സൻ്റെയും അക്കാമ്മയുടെയും മകനായ തോമസ് കുടുംബം പോറ്റാനായി 17-ാം വയസ്സിൽ പിതാവിനോടൊപ്പം പൊന്തുവള്ളത്തിൽ കടലിൽ പോകാൻ തുടങ്ങി. പഠനത്തിനു പണം കണ്ടെത്താൻ പെട്രോൾ പമ്പിൽ ജോലിക്കു പോയി.. നിർമ്മാണ തൊഴിലാളിയായി . ഈ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രാപ്തനാക്കിയത്.
ഇതിനിടയിലും ചേർത്തല സെൻ്റ് മൈക്കിൾസ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കി.
ഒന്നര പതിറ്റാണ്ടായി എൽ.ഡി.എഫിൻ്റെ കോട്ടയായിരുന്ന ആലപ്പുഴ മണ്ഡലം ഇളക്കിമറിച്ചാണ് ഈ യുവ കോൺഗ്രസ് നേതാവ് വിജയിച്ചത്. സിറ്റിങ് എംഎൽഎയും മുതിർന്ന സി.പി.എം നേതാവുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് തോമസ് പരാജയപ്പെടുത്തിയത്.
30-ാം വയസിൽ എ.ഡി. തോമസ് ഇപ്പോൾ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണ്.
കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡൻ്റായിരിക്കെയാണ് തോമസ് സംസ്ഥാന ശ്രദ്ധ നേടുന്നത്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചപ്പോൾ ഉണ്ടായ മർദ്ദനം തോമസിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി. മുഖത്ത് രക്തമൊലിപ്പിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പടർന്നുകയറി .
ആ മർദ്ദനമേറ്റ മുഖമാണ് പിന്നീട് തെരഞ്ഞെടുപ്പിൽ 'പ്രതിഷേധത്തിൻ്റെ പ്രതീകമായി' മാറിയത്. പൊതുപ്രവർത്തനം ജീവിതോപാധിയാക്കാതെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മീൻപിടിക്കാൻ കടലിൽ പോയിരുന്ന തോമസിൻ്റെ ലളിതജീവിതം ആലപ്പുഴയിലെ വോട്ടർമാരെ ആകർഷിച്ചു. 15 വർഷമായി ഇടത് മുന്നണി കൈവശം വെച്ചിരുന്ന മണ്ഡലമാണ് ഈ യുവനേതാവിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
ഇനി തോമസ് നിയമസഭയിൽ കേരളത്തിലെ സാധാരണക്കാരന്റെയും യുവാക്കളുടെയും ശബ്‌ദമായി മാറും