Image

'തെറ്റുകള്‍ തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി, തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കലല്ല' :വി. കുഞ്ഞികൃഷ്ണന് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സ്വീകരണം

Published on 06 May, 2026
'തെറ്റുകള്‍ തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി,  തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കലല്ല' :വി. കുഞ്ഞികൃഷ്ണന് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സ്വീകരണം

കണ്ണൂര്‍:പയ്യന്നൂരില്‍ നിന്നും യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സ്വീകരണം നല്‍കി. വൈകിട്ട് നാലരയോടെയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളുമൊന്നിച്ച് വി. കുഞ്ഞികൃഷ്ണന്‍ കണ്ണൂരിലെത്തിയത്. ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുഞ്ഞികൃഷ്ണനെ മൂവര്‍ണ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

തുടര്‍ന്ന് കേക്ക് മുറിച്ച് സ്ഥാനാര്‍ത്ഥിയുടെ വിജയ മധുരം പങ്കിട്ടു. അടച്ചിട്ട ഓഫീസ് മുറിയില്‍ നേതാക്കള്‍ അര മണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട വികുഞ്ഞികൃഷ്ണന്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി ജയിച്ചതിനാല്‍ ഭരിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു.

'താന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ല. സമാന മനസ്‌കരുമായി ചേര്‍ന്ന് ഈ കാര്യം തീരുമാനിക്കും. നേതൃത്വം തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കേരളവും ബംഗാളാകും ഈ കാര്യം തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി അല്ലാതെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ രക്തസാക്ഷി ഫണ്ടിലെ ക്രമക്കേട് ചൂണ്ടികാട്ടിയതിനാണ് തന്നെ പുറത്താക്കിയത് കുറ്റം ചെയ്തവരെ സംരക്ഷിച്ചതിനാലാണ് താന്‍ മത്സരിക്കാന്‍ നിര്‍ബന്ധിതരായത് പാര്‍ട്ടി സെക്രട്ടറി മാറിയതു കൊണ്ടു മാത്രം സിപിഎമ്മിന്റെ വീഴ്ച്ച മറക്കാന്‍ കഴിയില്ല എന്നാല്‍ ഒരാള്‍ തന്നെ തീരുമാനമെടുക്കുന്ന ഏകാധിപത്യ ശൈലി മാറണമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞികൃഷ്ണനൊപ്പം രാഷ്ട്രീയ നിരീക്ഷകനും ആര്‍ എസ് പി പ്രതിനിധിയുമായ അഡ്വ. ബിഎന്‍ അസ്‌റുമുണ്ടായിരുന്നു സ്വീകരണത്തില്‍ മേയര്‍ അഡ്വ പി ഇന്ദിര,അബ്ദുള്‍ റഷീദ് കവ്വായി, റിജില്‍ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരും പങ്കടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക