Image

'നന്ദി കേരളം': യു ഡി എഫ് വിജയത്തിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Published on 06 May, 2026
'നന്ദി കേരളം': യു ഡി എഫ് വിജയത്തിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം; കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഉജ്ജ്വല വിജയത്തോടെ ഭരണം തിരിച്ചുപിടിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം വരും വര്‍ഷങ്ങളില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

'നന്ദി കേരളം’ എന്ന് പറഞ്ഞാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ് തുടങ്ങിയത്. ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ സീറ്റുകളിലും യു ഡി എഫ് വിജയിച്ചത് പ്രിയങ്ക കുറിപ്പില്‍ പ്രത്യേകമായി പരാമര്‍ശിച്ചു. യു ഡി എഫ്‌ന്റെ വിജയത്തിന് രാപ്പകല്‍ അധ്വാനിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്ക ഗാന്ധി നന്ദി പറഞ്ഞു.

നന്ദി കേരളം! കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും നിങ്ങൾ നൽകിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച ഈ വിശ്വാസമായിരിക്കും ഓരോരുത്തർക്കും വേണ്ടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള യു ഡി എഫിന്റെ മുന്നോട്ടുള്ള യാത്രയിലെ വഴികാട്ടി. അടുത്ത അഞ്ച് വർഷം ഓരോ ദിവസവും അങ്ങേയറ്റം സത്യസന്ധതയോടും വിനയത്തോടും കൂടി ഞങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് നിങ്ങൾക്കുള്ള നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ പരിശ്രമിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രത്യാശിക്കുന്നു.

വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങൾ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 7ൽ 7 സീറ്റുകളിലും ഉജ്ജ്വല വിജയം! വയനാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഇപ്പോൾ നിങ്ങൾക്ക് 8 പ്രതിനിധികളുണ്ട്! നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു കേരളം എന്ന ഞങ്ങളുടെ സന്ദേശം ഓരോ വീട്ടിലുമെത്തിക്കാൻ രാപ്പകൽ അധ്വാനിച്ച യു ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ തളരാത്ത ഈ പരിശ്രമങ്ങൾക്ക് നന്ദി. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ വരാനിരിക്കുന്ന അഞ്ച് വർഷങ്ങൾ കൂടുതൽ ശക്തിപ്പെടുത്തട്ടെ’. എന്നാണ് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക