Image

തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രം: സിപിഎമ്മിനെതിരായ വോട്ടല്ല, കേരളത്തിലുണ്ടായത് പിണറായിക്കെതിരായ വിധിയെഴുത്ത് ; സെബാസ്റ്റ്യന്‍ പോള്‍

Published on 06 May, 2026
 തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രം: സിപിഎമ്മിനെതിരായ വോട്ടല്ല, കേരളത്തിലുണ്ടായത് പിണറായിക്കെതിരായ വിധിയെഴുത്ത് ; സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി ; നിയമസഭാ  തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ  പിണറായി വിജയനെതിരെ തുറന്നടിച്ച് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. തോല്‍വിക്ക് കാരണം പിണറായി വിജയനാണെന്നും പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായതെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എല്‍ഡിഎഫിനു വേണ്ടിയല്ല. തുടര്‍ഭരണം ജനാധിപത്യ സങ്കല്‍പ്പമല്ല. നല്ലൊരു തോല്‍വിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. സംശയത്തിന് ഇട നല്‍കാത്ത വ്യക്തതയോടെയുള്ള വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിന് പരിധികളുണ്ട്. പക്ഷെ അമിതാധികാരം, ആരാലും ചോദ്യം ചെയ്യപ്പെടാതെ താന്‍ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവം. അതിന്റെയൊക്കെ പരമകാഷ്ഠയിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്. 

സിപിഎമ്മിനെതിരെയുള്ള വോട്ടല്ല, പിണറായി വിജയനെതിരെയുള്ള വോട്ടാണ് കേരളത്തില്‍ ഉണ്ടായത്. എല്ലാ തോല്‍വിക്കും ഒരു ഉത്തരവാദി ഉണ്ടായിരിക്കും. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കണം. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും ശേഷം ആ രീതിക്കു മാറ്റം വന്നു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഉണ്ടോയെന്നു പോലും സംശയം തോന്നുന്നു. പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, പിണറായി വിജയന്‍ എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തുവെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക