
ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കോൺഗ്രസ് പാർട്ടി കടക്കുകയാണെന്നും ഇക്കാര്യത്തിൽ എഐസിസി ഉടൻ തീരുമാനമെടുക്കുമെന്നും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മുഖ്യമന്ത്രി പദത്തിനായി ബോർഡുകൾ സ്ഥാപിക്കുന്നതോ ബാനറുകൾ ഉയർത്തുന്നതോ ആയ പ്രചാരണ രീതികൾ കോൺഗ്രസിന്റെ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഒരു ഘടകമാകില്ലെന്നും തനിക്കുവേണ്ടി ഫ്ലക്സുകൾ ഉയർത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് കൃത്യമായ വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വേണുഗോപാൽ വിമർശിച്ചത്. അസമിൽ പ്രതിപക്ഷത്തിന് ജയിക്കാൻ സാധിക്കാത്ത വണ്ണം മണ്ഡലങ്ങൾ വെട്ടിമുറിച്ചാണ് ബിജെപി വിജയം നേടിയതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ ദേശീയതലത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇത്തരം മണ്ഡല പുനർനിർണ്ണയ നീക്കങ്ങൾക്കെതിരെ 'ഇന്ത്യ' മുന്നണി ശക്തമായി പോരാടും. തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ജനവിധി മാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ് രൂപീകരിച്ച ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.