
കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ മുതല്‍ നടക്കാനിരിക്കെ, മൂന്ന് പ്രധാന മുന്നണികളും കടുത്ത ആത്മവിശ്വാസത്തിലാണ്. ഭരണകക്ഷിയായ എല്‍.ഡി.എഫ് തുടര്‍ച്ചയായ ഭരണം ലക്ഷ്യമിടുമ്പോള്‍, പ്രതിപക്ഷമായ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. അതേസമയം, ബി.ജെ.പി ചരിത്ര നേട്ടം ലക്ഷ്യമിട്ട് രംഗത്തുണ്ട്. കഴിഞ്ഞ 24 ദിവസങ്ങളായി ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്നറിയാനുള്ള ജനങ്ങളുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ഇതോടെ വിരമമാവുകയാണ്. നാളെ ഉച്ചയ്ക്ക് മുമ്പായി ഏകദേശ ചിത്രം വ്യക്തമാവും. വിധി പടിവാതില്‍ക്കല്‍ എത്തിയതോടെ മുന്ന് മുന്നണികള്‍ക്കും അങ്കലാപ്പും ആശങ്കയുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ വിജയപ്രതീക്ഷയിലാണ്. അതേസമയം, തൃക്കാക്കര ഉപതിരഞ്ഞടുപ്പ് മുതല്‍ തദ്ദേശ ഇലക്ഷന്‍ വരെ നീളുന്ന തങ്ങളുടെ വിജയത്തിന് സംസ്ഥാന ഭരണത്തിലൂടെ തുടര്‍ച്ച പ്രതീക്ഷിക്കുന്ന യു.ഡി.എഫ് ക്യാമ്പിന് എക്‌സിറ്റ് പോളുകളിലെ അനുകൂല ഫലം കൂടിയായതോടെ ആത്മവിശ്വാസം ഇരട്ടിയിലധികമാണ്. സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകളിലേക്ക് വരെ യു ഡി എഫ് മുന്നോട്ടു പോയിക്കഴിഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരവും ഭരണമാറ്റത്തിനായുള്ള ജനാഗ്രഹവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ 79.63 ശതമാനം പോര്‍ വോട്ടു ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പോലീസ്, കേന്ദ്ര സേന ഉള്‍പ്പെടെ 32,000-ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ വ്യക്തമാക്കി. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സര്‍വീസ് വോട്ടുകളുടെ എണ്ണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. സര്‍വീസ് വോട്ടുകള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഫൈനല്‍ കൗണ്ട് വരിക. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. ഓരോ റൗണ്ട് പൂര്‍ത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. തപാല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയതിനുശേഷം ആയിരിക്കും ഇ.വി.എം എണ്ണുക. ഏഴു മണിയോടെ സ്‌ട്രോങ് റൂം നിബന്ധനകളോടെ തുറക്കും. 8.30 യോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. വൈകുന്നേരം അഞ്ചു മണിയോടെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് ആറ് വരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കും.
ഭരണത്തിന്റെ തുടര്‍ച്ച ഉറപ്പാണെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ വിലയിരുത്തുന്നത്. ക്ഷേമപദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ ഇടപെടലുകള്‍ എന്നിവ വോട്ടര്‍മാരില്‍ നല്ല പ്രതികരണം ഉണ്ടാക്കിയെന്നാണ് അവരുടെ നിഗമനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും തീരദേശ മേഖലയിലും വലിയ പിന്തുണ ലഭിച്ചതായി നേതാക്കള്‍ പറയുന്നു. മറുവശത്ത്, ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള ഭരണപരമായ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണത്തില്‍ മുന്നോട്ടുവെച്ച യു.ഡി.എഫ്, നഗര മേഖലകളിലും യുവജനങ്ങളിലും മികച്ച പിന്തുണ ലഭിച്ചതായി അവകാശപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കൂടുതല്‍ ഏകോപിതമായ പ്രവര്‍ത്തനമാണ് ഇത്തവണ നടത്തിയതെന്നും നേതാക്കള്‍ പറയുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചെത്തിയെന്ന് അവര്‍ അവകാശപ്പെടുന്നു.
കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ചരിത്ര നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. ചില മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടന്നതായി പാര്‍ട്ടി വിലയിരുത്തുന്നു. കേന്ദ്ര പദ്ധതികളുടെ പ്രചാരണം, സംഘടനാ വ്യാപനം, സ്ഥാനാര്‍ത്ഥിക ളുടെ വ്യക്തിപ്രഭാവം എന്നിവയിലൂടെ അഞ്ച് സീറ്റുകള്‍ വരെ അവര്‍ പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സാധാരണ ജനങ്ങളും വലിയ ആകാംക്ഷയോടെയാണ് ഫലപ്രഖ്യാപനം കാത്തിരിക്കുന്നത്. കാരണം ജനം സ്ഥിരതയുള്ള വികസനവും ക്ഷേമപദ്ധതികളുടെ തുടര്‍ച്ചയും ആഗ്രഹിക്കുന്നു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുപരി ആരോഗ്യരംഗം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്നാണ് വോട്ടര്‍മാരുടെ ആഗ്രഹം.
യുവജനങ്ങളുടെ പ്രധാന പ്രതീക്ഷ തൊഴിലവസരങ്ങളാണ്. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ എത്തിക്കുകയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് പൊതുവായ ആവശ്യം. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായി തുടരുന്നു. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം അഴിമതി രഹിതവും സുതാര്യവുമായ ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും കൃത്യതയും വേണമെന്ന് പൊതുജനങ്ങള്‍ പറയുന്നു. റോഡുകള്‍, ഗതാഗതം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും പ്രധാന വിഷയമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും സമാനമായ വികസനം ഉണ്ടാകണം. ജനങ്ങളുടെ ഈ പ്രതീക്ഷകള്‍ക്ക് ഏത് മുന്നണി മറുപടി നല്‍കുമെന്നത് നാളത്തെ ഫലത്തോടെ വ്യക്തമാകും.