
ലോകം കൂടുതൽ പ്രക്ഷുബ്‌ധവും അപകടം നിറഞ്ഞതുമായ ഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്നു ബ്രിട്ടന്റെ ചാൾസ് മൂന്നാമൻ രാജാവ് അഭിപ്രായപ്പെട്ടു. അതു കൊണ്ടു യുഎസും യുകെയും പുതിയ വെല്ലുവിളികൾ നേരിടാൻ സഖ്യം ശക്തമാക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്‌തു.
നാലു ദിവസത്തെ സന്ദർശനത്തിന് കാമില രാജ്ഞിക്കൊപ്പം എത്തിയ രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
അന്താരാഷ്ട്ര വ്യവസ്ഥിതി നിരവധി പ്രതിസന്ധികൾ മൂലം കഷ്ടത്തിലാണെന്നു ചാൾസ് പറഞ്ഞു. "അനിശ്ചിതത്വത്തിന്റെ കാലത്താണ് നമ്മൾ ഒത്തു കൂടുന്നത്. യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ എന്തെല്ലാം സംഘർഷങ്ങൾ. അന്താരാഷ്ട്ര സമൂഹത്തിനു അസാമാന്യ വെല്ലുവിളികളാണ് ഉയരുന്നത്."
ദീർഘകാല സഖ്യങ്ങൾ പോയ കാലത്തിന്റെ നേട്ടങ്ങൾ മാത്രം പറഞ്ഞു നിലനിൽക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്നു ചാൾസ് പറഞ്ഞു. സഖ്യം പുതുക്കി പണിയണം.
യുഎസ്-യുകെ പങ്കാളിത്തം ഒഴിവാക്കാൻ കഴിയാത്തതാണെന്നു ചാൾസ് പറഞ്ഞു. രണ്ടു രാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ പാരമ്പര്യമാണ് അതിനു അടിത്തറ. പക്ഷെ ഇന്നു ഭൗമരാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ഭീഷണികളും പുതുതായി കാണേണ്ട ഭീഷണികളാണ്.
ഏതെങ്കിലും ഒരു രാജ്യത്തിന് ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം സങ്കീർണമാണ് ലോകം നേരിടുന്ന വെല്ലുവിളികൾ. പങ്കാളിത്തമുള്ള രാജ്യങ്ങൾ ഒത്തുപിടിക്കണം.
ബ്രിട്ടൻ ശീതസമര കാലത്തിനു ശേഷം ഏറ്റവുമധികം പ്രതിരോധ ചെലവിനു പണം കണ്ടെത്തിയ സമയമാണിതെന്നു ചാൾസ് ചൂണ്ടിക്കാട്ടി. യുഎസും യുകെയും തമ്മിലുള്ള പ്രതിരോധ, രഹസ്യാന്വേഷണ ബന്ധങ്ങൾ പതിറ്റാണ്ടുകളിലൂടെ ഉറച്ചതാണ്.
ട്രംപ് തള്ളിക്കളയുന്ന നേറ്റോ പോലുള്ള കൂട്ടായ സഖ്യങ്ങൾ അതിപ്രധാനമാണെന്നു രാജാവ് പറഞ്ഞു. പുതിയ സുരക്ഷാ കാലാവസ്ഥയിൽ അവ ശക്തിപ്പെടണം.
യുക്രൈനു നീതിയുള്ള, ശാശ്വതമായ സമാധാനം കൈവരാൻ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാപാര, സാങ്കേതിക രംഗങ്ങളിലെ അമേരിക്കൻ-ബ്രിട്ടിഷ് സഹകരണത്തെ കുറിച്ചും ചാൾസ് സംസാരിച്ചു. "നാളെയുടെ സാങ്കേതിക വിദ്യയാണ് നമ്മൾ വികസിപ്പിക്കുന്നത്."
ആഗോള മാറ്റങ്ങൾക്കിടയിൽ അന്തർമുഖത്വം അപകടമാണെന്നും ചാൾസ് പറഞ്ഞുവച്ചത് ട്രംപിന്റെ ദേശയീയതയിൽ ഊന്നിയുള്ള ശൈലിയുടെ പരോക്ഷമായ വിമർശനമായി. അത്തരം പ്രവണതകൾ മാറ്റിവച്ചു അന്താരാഷ്ട്ര സഹകരണത്തിനു തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
King Charles warns of volatile new global era