
പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധ ഭീഷണി മുഴക്കി എന്നാരോപിച്ചു മുൻ എഫ് ബി ഐ ഡയറക്‌ടർ ജെയിംസ് കോമിയുടെ (65) മേൽ കുറ്റം ചുമത്തി. 2025 മേയിൽ ഇൻസ്റ്റാഗ്രാമിൽ കോമി '86 47' എന്നു കുറിച്ചത് ട്രംപിനെതിരായ വധ ഭീഷണിയാണ് എന്നാണ് ആരോപണം.
2016 തെരഞ്ഞടുപ്പിൽ ട്രംപിനെ റഷ്യ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം അന്വേഷിച്ചു എന്നതിന്റെ പേരിൽ ട്രംപിനു നിത്യശത്രുവായ കോമിക്കെതിരെ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഒരു കുറ്റാരോപണം കോടതി തള്ളിയിരുന്നു. അതിനു ശേഷമുള്ള ഈ പുതിയ കേസിൽ, അദ്ദേഹം ട്രംപിനെതിരെ വധഭീഷണി ഉയർത്തിയത് ഒരിക്കലും സഹിക്കാവുന്ന കുറ്റമല്ലെന്ന് ആക്‌ടിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
നോർത്ത് കരളിന ഈസ്റ്റേൺ ഡിസ്ട്രിക്ടിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കോണി യുഎസ് പ്രസിഡന്റിന്റെ ജീവനു ഭീഷണി ഉയർത്തിയത് കരുതിക്കൂട്ടി ആണെന്നു ആരോപിക്കുന്നു.
ബീച്ചിൽ അടുക്കി വച്ച കക്കകൾ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ '86 47' എന്നു തെളിയുന്ന ചിത്രം കോമി 2025 മേയ് 15നു ഇൻസ്റ്റാഗ്രാമിൽ കയറ്റിയിരുന്നു. പിന്നീടു നീക്കം ചെയ്ത സന്ദേശം തികച്ചും നിഷ്കളങ്കം ആയിരുന്നുവെന്നു അദ്ദേഹം എം എസ് എൻ ബി സിയോട് പറഞ്ഞു.
എന്നാൽ 47ആം പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശമെന്നു വ്യാഖ്യാനം ഉണ്ടായി. 86 എന്ന അക്കം റെസ്റ്റോറന്റ് ബിസിനസ് നടത്തുന്നവർ എന്തെങ്കിലും ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കുന്നതാണ്.
ബ്ലാഞ്ചിന്റെ പ്രഖ്യാപനത്തിനു ശേഷം കോമി പ്രതികരിച്ചത് ഇങ്ങിനെ: "ഞാൻ തികച്ചും നിരപരാധിയാണ്. എനിക്ക് ഭയമൊന്നുമില്ല. സ്വതന്ത്ര കോടതികളിൽ എനിക്കു വിശ്വാസമുണ്ട്. നമുക്ക് നോക്കാം."
FBI ex-chief indicted for threatening to kill Trump