
എണ്ണ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിന്മാറുന്നതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു. 1967 മുതൽ അബുദാബി വഴി ഈ കൂട്ടായ്മയിൽ അംഗമായ യുഎഇ, അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മെയ് 1 മുതൽ ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഉത്പാദനത്തിലും വിതരണത്തിലും കൂടുതൽ സ്വാതന്ത്ര്യവും വഴക്കവും ഉറപ്പാക്കാനാണ് ഈ ചരിത്രപരമായ തീരുമാനമെന്ന് യുഎഇ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദേശീയ താൽപ്പര്യങ്ങളും നിക്ഷേപകരോടുള്ള പ്രതിബദ്ധതയും മുൻനിർത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഒപെക്കിന്റെ ഉത്പാദന നിയന്ത്രണങ്ങളിൽ നിന്ന് മാറി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് ആഗോള ഊർജ്ജ വിപണിയിൽ യുഎഇയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സഹായിക്കും. മാറുന്ന ലോകസാഹചര്യത്തിൽ കൂടുതൽ വിശ്വസനീയവും താങ്ങാനാവുന്നതുമായ രീതിയിൽ ഇന്ധന വിതരണം ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്നാണ് യുഎഇയുടെ വിശദീകരണം. ഇതോടെ, വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ഉത്പാദനം ക്രമീകരിക്കാൻ യുഎഇക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉൽപാദനവും കയറ്റുമതിയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുഎഇയുടെ ഞെട്ടിക്കുന്ന തീരുമാനം. സ്വന്തം നിലയ്ക്ക് എണ്ണ ഉൽപ്പാദനം 30 ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള യുഎഇയുടെ പദ്ധതിക്ക് ഒപെക് നിശ്ചയിക്കുന്ന പരിധികൾ തടസ്സമാകുന്നു എന്നതാണ് പിന്മാറ്റത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, ഈ തീരുമാനമെടുക്കുന്നതിന് മുൻപ് സഖ്യത്തിലെ പ്രധാനിയായ സൗദി അറേബ്യയുമായി യുഎഇ ചർച്ചകൾ നടത്തിയിട്ടില്ല എന്നത് ഗൾഫ് രാജ്യങ്ങൾക്കിടയിലെ പരമ്പരാഗതമായ ഐക്യത്തിൽ വരുന്ന വലിയൊരു മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.