
രക്തമൊഴുകി ചലനമറ്റു കിടക്കുന്ന മകളെ മടിയിൽക്കിടത്തി വിറങ്ങലിച്ചിരിക്കുന്ന 'അമ്മ' . മാർച്ച് 28ആം തീയതി അവതരിപ്പിച്ച "നിശബ്ദ" എന്ന നൃത്തശിൽപം പ്രേക്ഷകരുടെ കരളലിയിച്ചു. അമേരിക്കയിൽ ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്ന ഗൺ വയലൻസ് ആയിരുന്നു "നിശബ്ദയുടെ" ഇതിവൃത്തം. ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളും, നൃത്തനാടകത്തിന്റെ അവലംബന രീതിയും കോർത്തിണക്കി തയ്യാറാക്കിയ ഈ കലാരൂപം, ഒരമ്മയുടെയും മകളുടെയും ഊഷ്മളബന്ധത്തിലൂടെ കഥപറഞ്ഞു പോകുന്നു. ജനനം മുതൽ കൗമാരം വരെയുള്ള അവരുടെ ഇഴയടുപ്പം, വളരെ മനോഹരമായി ഈ നൃത്തശിപത്തിന്റെ സംവിധായിക ശ്രീമതി ജൂലി ആന്റണി ആവിഷ്കരിച്ചിരിക്കുന്നു.
അവരുടെ അടുപ്പം കാണിക്കുവാൻ കോർത്തിണക്കിയ സംഭവങ്ങൾ, കാണികളുടെ കയ്യടി പിടിച്ചുപറ്റി . അമ്മയായി അഭിനയിച്ച ജൂലിയുടെയും, മകളായി അഭിനയിച്ച റിയയുടെയും, കൈകളിൽ അതതു കഥാപാത്രങ്ങൾ സുരക്ഷിതമായിരുന്നു. മകളുടെ സുഹൃത്തുക്കളായി വന്ന മറ്റു കുട്ടികളും അവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു. ഈ നൃത്ത നാടകത്തിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച അതിമനോഹാരമായ നൃത്തങ്ങൾ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റി .
റിയയുടെ കുട്ടിക്കാലം അവതരിപ്പിച്ച നിവിയും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി. തന്റെ ചുംബനം അന്ത്യചുംബനമാകുമെന്നറിയാതെ മകളെ യാത്രയയച്ച രംഗം പ്രേക്ഷകരെ കണ്ണീരണിയിച്ചു . ക്ലാസ്സുമുറിയിൽ വെടിയുതിർക്കുന്ന രംഗം ഭീതിയും, മരവിപ്പും ഒരേപോലെ പ്രേക്ഷകരിൽ ഉളവാക്കി.
വളരെ മിതമായി രംഗപടം ഉപയോഗിച്ച ഈ നൃത്തശില്പം കെയർ ആൻഡ് ഷെയർ എന്ന ചാരിറ്റി സംഘടനയാണ് നിർമ്മിച്ചത്. ഇതിൽ നിന്നും ലഭിച്ച വരുമാനം മുഴുവനും ഗൺ വയലൻസിനെതിരെ പോരാടുന്ന sandy hook promise എന്ന സംഘടനക്ക് നൽകുവാൻ തീരുമാനിക്കുക വഴി, ഇതിൽ
പ്രവർത്തിച്ചവർ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും തെളിയിച്ചിരിക്കുകയാണ്. ഗൺ വയലൻസ് പ്രേമേയമാക്കിക്കൊണ്ടുള്ള ശാസ്ത്രീയ നൃത്ത ശിൽപം നടാടെയാണെന്നാണ് പ്രേക്ഷകാഭിപ്രായം.