
മുംബൈ: രാജ്യത്തെ വ്യോമയാന മേഖല അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിമാന സർവീസുകൾ നിർത്തലാക്കേണ്ട സാഹചര്യമാണെന്നും വ്യക്തമാക്കി എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. വിമാന ഇന്ധനത്തിൻ്റെ വില പുനർനിർണ്ണയിക്കണമെന്നും അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നുമാണ് വിമാനക്കമ്പനികളുടെ ആവശ്യം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസിൻ്റെ (FIA) നേതൃത്വത്തിലാണ് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം എണ്ണവില വർധിക്കാൻ കാരണമായതും ആകാശപാതകളിലെ നിയന്ത്രണങ്ങൾ പ്രവർത്തനച്ചെലവ് വർധിപ്പിച്ചതും കമ്പനികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇതിന് പിന്നാലെയാണ് പ്രതിസന്ധി ചൂണ്ടിക്കാട്ടി വിമാനക്കമ്പനികള്‍ രംഗത്തെത്തിയത്. ഉടനടി നടപ്പിലാക്കേണ്ട വിവിധ ആവശ്യങ്ങളും വിമാനക്കമ്പനികള്‍ കേന്ദ്രത്തിൻ്റെ മുന്നില്‍ വച്ചിട്ടുണ്ട്.
ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് മുമ്പ് നിലനിന്നിരുന്നതുപോലെ ഏകീകൃതമായ ഇന്ധനവില നിർണ്ണയ രീതി നടപ്പിലാക്കണം. ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണം. രൂപയുടെ മൂല്യമിടിഞ്ഞ സാഹചര്യത്തിൽ ഈ നികുതി വലിയ ഭാരമാണ് വരുത്തുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകണം. അല്ലാത്തപക്ഷം വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്നും സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
"എടിഎഫ് (വിമാന ഇന്ധനം) വിലയിലുണ്ടാകുന്ന അശാസ്ത്രീയമായ വർധനവും ആഭ്യന്തര-അന്തർദേശീയ സർവീസുകൾക്കായി നടപ്പിലാക്കുന്ന താൽക്കാലിക വിലനിർണ്ണയ രീതികളും വിമാനക്കമ്പനികൾക്ക് താങ്ങാനാവാത്ത നഷ്ടമുണ്ടാക്കും. ഇത് വിമാനങ്ങൾ നിലത്തിറക്കുന്നതിനും സർവീസുകൾ റദ്ദാക്കുന്നതിനും കാരണമാകും," എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ വ്യക്തമാക്കി.
"നിലനിൽപ്പിനും സർവീസുകൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തരമായ ഇടപെടലും അർത്ഥവത്തായ സാമ്പത്തിക സഹായവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു." ഏപ്രിൽ 26-ന് അയച്ച കത്തിൽ അവർ ആവശ്യപ്പെട്ടു.