
നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിന് പൂർണ്ണ പിന്തുണയുമായി നടി മാല പാർവ്വതി. നിതിൻ രാജിന്റെ മരണവാർത്തയോട് പലരും കാണിക്കുന്ന പ്രതികരണങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് താരം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സംഭവത്തെ 'ചിലരുടെ മാത്രം ദുഃഖം' എന്ന നിലയിൽ കാണുന്ന പ്രവണത അങ്ങേയറ്റം വേദനാജനകമാണെന്നും, വംശീയതയുടെയും ജാതീയതയുടെയും വലിയൊരു വിള്ളൽ ഇതിന് പിന്നിലുണ്ടെന്നും മാല പാർവ്വതി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
സാധാരണ ഹർത്താലുകൾ പ്രഖ്യാപിക്കുമ്പോൾ ഭരണകൂടവും ജനങ്ങളും കാണിക്കുന്ന മുൻകരുതലുകളോ ജാഗ്രതയോ ഈ വിഷയത്തിൽ ഉണ്ടായില്ലെന്ന് താരം കുറ്റപ്പെടുത്തി. 'ദളിത് പാർട്ടികളല്ലേ, അവർ എന്ത് ചെയ്യാനാണ്' എന്ന തരത്തിലുള്ള അവഗണനയാണ് പല ഭാഗത്തുനിന്നും ഉണ്ടായതെന്ന് മാല പാർവ്വതി വിമർശിച്ചു. സമരത്തെപ്പോലും അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുന്ന ചില 'ജാതി കോമരങ്ങളുടെ' പ്രതികരണങ്ങൾ കേരളത്തിന്റെ സാമൂഹിക സാഹചര്യം പിന്നോട്ട് സഞ്ചരിക്കുന്നു എന്നതിന്റെ തെളിവാണെന്നും അവർ ആരോപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും ഇന്നും വംശീയ അധിക്ഷേപങ്ങൾ തുടരുന്നുണ്ടെന്നും, നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യാത്തത് വലിയൊരു വീഴ്ചയാണെന്നും മാല പാർവ്വതി വ്യക്തമാക്കി. വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ കേരളം മുന്നോട്ട് പോയിട്ടില്ലെന്ന് തോന്നുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമെന്ന നിലയിൽ ഈ ഹർത്താൽ അനിവാര്യമായിരുന്നുവെന്നും, പ്രതിഷേധിക്കുന്നവർക്കൊപ്പം താനുണ്ടാകുമെന്നും താരം വ്യക്തമാക്കി.