
ഹൈദരാബാദ്: അത്താഴത്തിന് ചിക്കനില്ലെന്ന് പരാതിപ്പെട്ട് ബഹളം വെച്ച ഭർത്താവിനെ ഭാര്യ അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി കാമറെഡ്ഡി പട്ടണത്തിലാണ് സംഭവം. ചിക്കൻ പാകം ചെയ്ത് വെക്കാത്തതിന് 28കാരനായ കോദണ്ഡം ശിവജിയാണ് ഭാര്യയോട് വഴക്കിന് ചെന്നത്. ഭാര്യയുടെ മറുപടി അരിവാള് കൊണ്ടായിരുന്നു.
ആക്രിക്കച്ചവടം ചെയ്ത് ജീവിക്കുന്നയാളാണ് കോദണ്ഡം ശിവജി . ഗോസാംഗി കോളനിയിലാണ് ഇദ്ദേഹം കുടുംബമായി ജീവിക്കുന്നത്. രാത്രി 9 മണിയോടെ വീട്ടിലെത്തിയ ശിവജി ചിക്കൻ കറി തയ്യാറായിട്ടില്ലെന്ന് കണ്ട് കുപിതനായി, ഭാര്യ ലക്ഷ്മിയുമായി വഴക്കിട്ടു.
ബഹളം മൂത്തതോടെ സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി. തൽക്കാലം ചിക്കനില്ലാതെ ഭക്ഷണം കഴിക്കാൻ കോദണ്ഡം ശിവജിയെ ഇരുവരും സമ്മതിച്ച് തിരിച്ചു പോയി. ഇരുവരും തിരിച്ചു പോയപ്പോൾ പ്രശ്നം വീണ്ടും തുടങ്ങി. തന്റെ ഇഷ്ടപ്രകാരം ഭക്ഷണം തയ്യാറാക്കാത്തത് കോദണ്ഡം ശിവജി ചോദ്യം ചെയ്തു. മറ്റ് ഗാർഹിക പ്രശ്‌നങ്ങൾ ഉന്നയിച്ചു ഭാര്യ ലക്ഷ്മിയെ കുറ്റപ്പെടുത്തി.
പ്രശ്നം തീർക്കാൻ വീണ്ടും ബന്ധുക്കളെത്തി. മറ്റൊരു ബന്ധുവായ നന്ദിനി സ്ഥലത്തെത്തി. എന്നാൽ ശാന്തനാകാൻ കോദണ്ഡം ശിവജി തയ്യാറായില്ല. പ്രശ്നം രൂക്ഷമായതോടെ ലക്ഷ്മി വീട്ടിലെ അരിവാൾ കൈയിലെടുത്തു. കോദണ്ഡം ശിവാജിയുടെ കഴുത്തിന് വെട്ടി. ഈ ആക്രമണത്തിനു പിന്നാലെ ശിവജി കുഴഞ്ഞുവീണു.
തലയ്ക്കും കഴുത്തിനുമേറ്റ പരിക്ക് മൂലം ശിവജിയുടെ രക്തം ധാരാളം വാർന്നു പോയതായി കാമറെഡ്ഡി ഇൻസ്പെക്ടർ ബി നരഹരി പറഞ്ഞു. ശിവജി സംഭവസ്ഥലത്തു വെച്ച് മരണപ്പെട്ടു.
ആറ് വർഷമായി രണ്ടു പേരുടെയും വിവാഹം കഴിഞ്ഞിട്ട്. രണ്ടുപേർക്കും രണ്ട് പെൺമക്കളുമുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇരുവരും താമസിച്ചിരുന്നത് ബന്ധുവായ ദാദയ്യയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ്. രണ്ടുപേരും ഇടക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് കോദണ്ഡം ശിവജിയുടെ മൂത്ത സഹോദരൻ സൂരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ടുപേരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മുതിർന്നവർ മുമ്പ് പലതവണ ഇടപെട്ടിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം ലക്ഷ്മിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. തിങ്കളാഴ്ച ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു,