
നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പോലീസ് പിടിയില്‍. സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇത് മേരിക്കുട്ടിയുടെയും മറ്റൊരു മകനായ റെജിയുടേതുമാണെന്നാണ് സംശയം. ഇവരെ സജി കൊലപ്പെടുത്തിയതാണ് എന്നാണ് പോലീസിന്റെ നിഗമനം.
ഇന്നലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടര്ന്ന്ഇയാള്ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തോട്ടുവക്കടയിലെ വീടിനുസമീപത്തുള്ള മലയില്‍നിന്നാണ് ഇന്ന് സജി പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് സജിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ്
അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് എത്തിയത്. പിന്നാലെ സജി ഇവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകള്‍ സിനി ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു.മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യൂവിനെ 2018ല്‍ കാണാതായിരുന്നു. അടിമാലിയില്‍ നിന്നും നെടുങ്കണ്ടത്തേക്ക് പുറപ്പെട്ട ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. മദ്യത്തിന് അടിമയായ സജി ലഹരി ഉപയോഗിച്ച ശേഷം മാത്യുവും റെജിയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് വിവരമുണ്ട്.