
ദീർഘകാലം ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവേ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. നിയമപരമായ വിവാഹത്തിന് പുറത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അതിലുണ്ടാകുന്ന അപകടസാധ്യതകളും സാഹചര്യങ്ങളും പങ്കാളികൾ പൂർണ്ണമായും തിരിച്ചറിയണമെന്നും കോടതി വ്യക്തമാക്കി.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു എന്നുമായിരുന്നു മധ്യപ്രദേശ് സ്വദേശിയായ യുവതിയുടെ ആരോപണം. ഈ കേസിൽ പ്രതിക്കെതിരായ പീഡനക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് യുവതി സുപ്രീംകോടതിയിലെത്തിയത്. ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടശേഷം അത് പിരിയുമ്പോൾ എങ്ങനെയാണ് ലൈംഗികാതിക്രമക്കേസ് നിലനിൽക്കുകയെന്ന് കോടതി ചോദിച്ചു. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിൽ പങ്കാളികൾ പിരിയുമ്പോൾ ഇത്തരം പരാതികൾ ഉയരുന്നത് സാധാരണമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ലിവ്-ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ പരിരക്ഷയുണ്ടെന്നും അവർക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. നിയമപരമായ വിവാഹബന്ധം ഇല്ലെന്നു കരുതി ജനിക്കുന്ന കുട്ടികൾക്ക് അവകാശങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. നിലവിലെ തർക്കങ്ങൾ കോടതിക്ക് പുറത്ത് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാനും ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.