Image

മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു; വനംവകുപ്പിന്റെ നിലപാടിൽ നാട്ടുകാരുടെ പ്രതിഷേധം

Published on 28 April, 2026
മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു; വനംവകുപ്പിന്റെ നിലപാടിൽ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷീർ ആണ് മരിച്ചത്. പുലർച്ചെ റബർ ടാപ്പിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയിലെത്തിയ ഉദ്യോഗസ്ഥർ കാട്ടാന ആക്രമണത്തെക്കുറിച്ച് ദുരൂഹത ഉന്നയിക്കുകയും, മരിച്ച ജംഷീർ ടാപ്പിങ് തൊഴിലാളി തന്നെയാണോ എന്നതിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ജോലിയിലായിരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം പ്രതിഷേധാർഹമാണെന്നും നാട്ടുകാർ വ്യക്തമാക്കി.

​വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്താണ് ഈ ദാരുണസംഭവം നടന്നിട്ടുള്ളത്. അതേസമയം, കാട്ടാന ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക