Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അതിർത്തി കടന്ന് സജി; വലവിരിച്ച് പോലീസ്

Published on 28 April, 2026
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അതിർത്തി കടന്ന് സജി; വലവിരിച്ച് പോലീസ്

നെടുങ്കണ്ടം പച്ചടിയിലെ വീട്ടുവളപ്പിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. സംസ്ഥാനം വിട്ടതായി സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. അതിർത്തി ചെക്‌പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം നൽകിയതായും, തമിഴ്‌നാട് പോലീസിന് പ്രതിയുടെ ചിത്രമടക്കമുള്ള വിവരങ്ങൾ കൈമാറിയതായും ജില്ലാ പോലീസ് മേധാവി സാബു മാത്യു അറിയിച്ചു. ഈ മാസം രണ്ടാം തീയതി മുതൽ കാണാതായ പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടുവളപ്പിൽ നിന്ന് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

​മൃതദേഹങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ വ്യക്തിത്വം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കൊലപാതകം എപ്പോൾ, എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കൂ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം അഞ്ചാം തീയതിയും ആറാം തീയതിയും പ്രദേശവാസികൾ ഇരുവരെയും കണ്ടതായി വിവരമുണ്ട്. അതിനുശേഷമാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

​കുടുംബത്തിലെ പിതാവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവവും പോലീസ് ഇപ്പോൾ പുനരന്വേഷിക്കുകയാണ്. അന്ന് ബസിൽ കയറിപ്പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വഴിമുട്ടിയിരുന്നു. വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ, മാത്യുവിനെയും ഇതേ രീതിയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണോ എന്ന് പോലീസ് സംശയിക്കുന്നു. സജിയെ പിടികൂടുന്നതോടെ ഈ ദുരൂഹ തിരോധാനം സംബന്ധിച്ചും തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

​പക്ഷാഘാതം വന്ന് കിടപ്പിലായിരുന്ന മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയെയും സഹോദരനെയും കാണാതായപ്പോൾ സജി ബന്ധുക്കളോട് പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത് തേനിയില്‍ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും, ബന്ധു വീട്ടില്‍ പോയിരിക്കുകയാണെന്നും പല മറുപടികളാണ് നല്‍കിയിരുന്നത്. സജി പറയുന്ന മറുപടികളില്‍ സമീപവാസികള്‍ക്ക് സംശയം തോന്നിയിരുന്നു. സജിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹോദരി നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. ഞായറാഴ്ച ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വീടിന്റെ പിൻവഴിയിലൂടെ രക്ഷപ്പെട്ട സജിയെ പിടികൂടാൻ നാല് പ്രത്യേക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക