
നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേർന്നുള്ള ഹജ് ക്യാംപ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ സിയാൽ എയ്‌റോപാർക്കിന് സമീപത്തായാണ് തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സിയാൽ അക്കാദമി കെട്ടിടങ്ങൾക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ചിട്ടുള്ള താൽക്കാലിക പന്തലിലാണ് ക്യാംപ് പ്രവർത്തിക്കുക.
ഒരേസമയം 1200 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കൂടാതെ, 600 പേർക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാൾ, ഭക്ഷണശാല എന്നിവയും ക്യാംപിൽ സജ്ജമാണ്. ഹജ് സെൽ, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി-ഹോമിയോ മെഡിക്കൽ വിഭാഗങ്ങൾ എന്നിവ സിയാൽ അക്കാദമി കെട്ടിടത്തിൽ പ്രവർത്തിക്കും. രാജ്യാന്തര ടെർമിനലായ ടി3-ൽ എത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് തീർത്ഥാടകർ ക്യാംപിലേക്ക് എത്തേണ്ടത്. ലഗേജുകൾ സ്വീകരിക്കുന്നതിനും മറ്റും പ്രത്യേക സൗകര്യങ്ങളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം പുറപ്പെടുന്നത്. ആദ്യ സംഘത്തിലെ 450 പേരും നാളെ തന്നെ ക്യാംപിലെത്തിച്ചേരണം. ഫ്‌ലൈനാസ് എയർവേയ്‌സാണ് ഇത്തവണത്തെ ഹജ് സർവീസുകൾ നടത്തുന്നത്. മെയ് 8-ന് അവസാന വിമാനം പുറപ്പെടുന്നതോടെ ഇത്തവണത്തെ കൊച്ചി വഴിയുള്ള ഹജ് തീർത്ഥാടനത്തിന് സമാപനമാകും. ആകെ 8341 തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജിനായി പുറപ്പെടുന്നത്.