
കൊച്ചി: വിവാഹവേദി ഒരുങ്ങാനിരുന്ന ശുഭദിനം കുടുംബത്തിന് തീരാനൊമ്പരമായി. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം വധുവിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി ജോൺ (32) അന്തരിച്ചു. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹത്തിന് തൊട്ടുമുമ്പുള്ള പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച വൈകീട്ടോടെ നടന്നിരുന്നു. ആഘോഷങ്ങൾക്കിടയിൽ ജസ്റ്റിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജസ്റ്റിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ വിവാഹച്ചടങ്ങുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു.
ജസ്റ്റിൻ നേരത്തെ കരൾ രോഗത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. പെട്ടെന്നുണ്ടായ ഈ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും അതീവ ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകൾ നാളെ (ചൊവ്വാഴ്ച) വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.
കിഴക്കേക്കോട്ടയിൽ സെന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ് ഉടമ ജോണിന്റെയും എൽസമ്മയുടെയും മകനാണ് അന്തരിച്ച ജസ്റ്റിൻ. ജിനു മരിയയാണ് (ഓസ്ട്രേലിയ) സഹോദരി.