
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരുന്നു. അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ ചേർന്ന ബോർഡിന്റെ കോർ കമ്മിറ്റി യോഗം പ്രതിസന്ധി സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകൾ നടത്തിയിരുന്നു.
അതേസമയം, ഔദ്യോഗികമായി ലോഡ്ഷെഡ്ഡിങ് ഉണ്ടാകില്ലെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. പീക്ക് ലോഡ് മാനേജ്മെന്റ് രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കുന്നു. വൈദ്യുതി ബിൽ വർധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പുനൽകാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു. വൈകുന്നേരം ആറ് മണിക്ക് ശേഷം വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന 'പീക്ക് അവർ' സമയങ്ങളിൽ സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.
അമിത ഭാരം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഓരോ പ്രദേശത്തെയും ട്രാൻസ്ഫോർമറുകളുടെ ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം ഏർപ്പെടുത്തുന്നത്. സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിക്കുന്നു. വൈദ്യുതി തടസ്സം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എസ്എംഎസ് വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.