Image

യുഎസ് പ്രവചന വിപണി കീഴടക്കി പോളിമാർക്കറ്റ്

Published on 27 April, 2026
യുഎസ് പ്രവചന വിപണി കീഴടക്കി  പോളിമാർക്കറ്റ്

പ്രവചന ചന്തകൾ അഥവാ Prediction Markets ആണ് അമേരിക്കൻ ചൂതാട്ട വിപണിയിലെ ഇപ്പോഴത്തെ ഹരം. അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ മുതൽ കേരളത്തിൽ ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നതുവരെ സൂര്യന് താഴെ പ്രവചന സ്വഭാവമുള്ള എന്ത് കാര്യത്തിലും ഈ മാർക്കറ്റിൽ പന്തയം വയ്ക്കാം.

 പരമ്പരാഗത പന്തയ വിപണികളെ പോലെ സാധ്യത കുറഞ്ഞ ഓപ്ഷൻസ് എടുക്കുന്ന ധീരന്മാർ ജയിച്ചാൽ പന്തയ തുകയുടെ പല മടങ്ങ് നേടി ധനികരായി മടങ്ങാം. പ്രമുഖ പ്രെഡിക്ഷൻ മാർക്കറ്റ് ആയ പോളി മാർക്കറ്റിൽ 2025 ഡിസംബറിൽ Burdensome -Mix എന്ന പേരിൽ ഒരു ദുരൂഹ അക്കൗണ്ട് തുറക്കുന്നു. വെനിസ്വെലൻ പ്രസിഡന്റ് നിക്കലോസ് മഡുറോ ജനുവരിയിൽ സ്ഥാനഭ്രഷ്ടനാകുമെന്ന് പ്രവചിച്ച അയാൾ 32,000 ഡോളർ പന്തയം വയ്ക്കുന്നു. ജനുവരി രണ്ടിന് മഡുറോയെ ട്രംപിൻറെ കൂലിപ്പട്ടാളം കൊട്ടാരത്തിൽ പോയി പിടിച്ചുകൊണ്ടു വന്ന് ജയിലിൽ അടക്കുന്നു. പിറ്റേന്ന് Burdensome -Mix കാരൻ 4,36,000 ഡോളർ പന്തയം ജയിച്ച് പൊടിയും തട്ടി പോകുന്നു. രണ്ടാഴ്ച കൊണ്ട് മുടക്കിയ പണം 14 ഇരട്ടി വളരുന്നു. ഈ പോളി മാർക്കറ്റിന്റെ സഹ നിക്ഷേപകന്റെ പേര് ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നാണ്.  ഡൊണാൾഡ് ട്രംപിന്റെ മകൻ! Kalshi എന്ന മറ്റൊരു prediction market ന്റെ സ്ട്രാറ്റജിക് അഡ്വൈസറും ജൂനിയർ ട്രംപ് ആണ്. 

ഭരണ തീരുമാനങ്ങൾ ചോർത്തിനൽകി വേണ്ടപ്പെട്ടവർക്ക് ഊഹ വിപണിയിൽ ലക്ഷങ്ങൾ നേടാനുള്ള അവസരം ട്രംപ് ഒരുക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് ബി ബി സിയാണ്. ‘The insider trading suspicions looming over Trump's presidency’ എന്ന നിക് മാർഷിന്റെ അന്വേഷണാത്മക റിപ്പോർട്ട് ബിബിസി ഇന്ന് പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയിൽ പോളി മാർക്കറ്റിൽ തുടങ്ങിയ 6 പുതിയ അക്കൗണ്ടുകളെ പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആ മാസം അവസാനിക്കും മുൻപ് ഇറാനെ അമേരിക്ക ആക്രമിക്കും എന്നായിരുന്നു അവരുടെ പ്രവചനം. ഒറ്റ രാത്രികൊണ്ട് 12 ലക്ഷം ഡോളർ അവർ നേടി. ഇതിൽ അഞ്ചും പിന്നെ ഇതുവരെ പ്രവചനം നടത്തിയിട്ടില്ല. എന്നാൽ ആറാമൻ ഏപ്രിൽ 7 നു ഇറാൻ - യു എസ് വെടിനിർത്തൽ ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിച്ചു 1,63,000 ഡോളർ പിന്നെയും നേടി. ഇതിന് പുറമെ ക്രൂഡ് ഓയിൽ future trade നെ ട്രംപിന്റെ ഇറാൻ പ്രസ്താവനകൾ സ്വാധീനിച്ചത് എങ്ങനെയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

 സംയാസ്പദമായ രീതിയിൽ ആയിരക്കണക്കിന് ഇടപാടുകൾ ട്രംപിന്റെ ഓരോ പ്രസ്താവനയ്ക്കും മുന്നിലെ മണിക്കൂറുകളിൽ നടക്കുന്നതിന്റെ രേഖകൾ സഹിതമാണ് റിപ്പോർട്ട്. 

ഭൂമി മുഴുവൻ റിയൽ എസ്റ്റേറ്റ് ആയി കാണുന്ന, മനുഷ്യത്വം തൊട്ട് തീണ്ടിയില്ലാത്ത ഒരാൾ ഇങ്ങനെ പെരുമാറുന്നതിൽ അൽഭുതമൊന്നുമില്ല. എങ്കിലും മഹത്തായ അമേരിക്കയിൽ ഇയാളുടെ ഈ തരികിടകൾ ഒന്നും നിർത്തിക്കാനുള്ള ഒരു സംവിധാനം പോലും ഇല്ലാത്തത് എന്തുകൊണ്ടാവും? 

(ബിബിസി റിപ്പോർട്ടിന്റെ ലിങ്ക് കമന്റിൽ)

#TrumpIsATraitorAndCriminal #USIranTension #IranUS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക