
ന്യൂഡൽഹി : ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള ടോഗോ പതാകയുള്ള കെമിക്കൽ ടാങ്കർ 'എം.ടി സിറോണിന്' നേരെ ഇറാന്റെ ആക്രമണം. ഏപ്രിൽ 25-ന് ഒമാനിലെ ഷിനാസ് തുറമുഖത്തിന് പുറത്തുവെച്ച് ഇറാനിയൻ കോസ്റ്റ് ഗാർഡ് കപ്പലിന് നേരെ വെടിയുതിർത്തതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 12 മുതൽ 17 വരെയുള്ള ഇന്ത്യൻ ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്ന് മന്ത്രാലയ ഡയറക്ടർ മൻദീപ് സിംഗ് രൺധാവ അറിയിച്ചു.
മറ്റ് കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന എം.ടി സിറോണിനെ തടഞ്ഞുനിർത്താനാണ് ഇറാനിയൻ സുരക്ഷാ സേന മുന്നറിയിപ്പ് വെടിയുണ്ടകൾ ഉതിർത്തത്. വെസ്റ്റ് ഏഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസികളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 2,770 ഇന്ത്യൻ കപ്പലുകളുമായി ഡി.ജി ഷിപ്പിംഗ് കൺട്രോൾ റൂം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി ആക്രമണം നടത്തുന്നത് വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ഏപ്രിൽ 22-ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന 'എപ്പാമിനോഡാസ്' എന്ന കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു. അതിനുമുമ്പ് ഏപ്രിൽ 18-നും രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. അനുമതിയില്ലാതെ കപ്പലുകൾ സഞ്ചരിച്ചുവെന്നാണ് ഇറാൻ ആരോപിക്കുന്നത്. 'എം.എസ്.സി ഫ്രാൻസെസ്ക' എന്ന കപ്പലിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ഇറാനിയൻ പ്രകോപനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മേഖലയിലെ ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാനും നാവികരുടെ സുരക്ഷ ഉറപ്പാക്കാനും ശക്തമായ നയതന്ത്ര നീക്കങ്ങളാണ് നടക്കുന്നത്.