
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും മുമ്പേ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിതന്നെ തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ ജനവികാരം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന നിലപാടിലാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‍ലിം ലീഗ്. ജനങ്ങളുടെ താൽപര്യം മാനിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കണം കോൺഗ്രസ് കൈക്കൊള്ളേണ്ടതെന്ന് ലീഗ് നേതൃത്വം സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ ജനവികാരത്തിന് മുൻഗണന നൽകണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശന് അനുകൂലമായ തരംഗം താഴെത്തട്ടിലും പൊതുസമൂഹത്തിലും നിലനിൽക്കുന്നുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഘടകകക്ഷികളുടെ ഈ അഭിപ്രായം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.