Image

ഇന്ത്യയിലേക്കു വിമാനം കയറാൻ എത്തിയ ആളെ ഐസ് ഏജന്റുമാർ അലാസ്കയിലേക്കു കയറ്റി വിട്ടു (പിപിഎം)

Published on 26 April, 2026
ഇന്ത്യയിലേക്കു വിമാനം കയറാൻ എത്തിയ ആളെ ഐസ് ഏജന്റുമാർ അലാസ്കയിലേക്കു കയറ്റി വിട്ടു (പിപിഎം)

സിയാറ്റിൽ-ടാക്കോമ ഇന്റർനാഷനൽ എയർപോർട്ടിൽ ഒരു വർഷം മുൻപ് ഇന്ത്യയിലേക്കു വിമാനം കയറാൻ എത്തിയ ഒരാളെ ഐസ് ഏജന്റുമാർ മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടെന്നു റിപ്പോർട്ട്. രാകേഷ് രാകേഷ് എന്നയാൾ ചെന്നിറങ്ങിയത് അലാസ്‌കയിൽ.

2025 മേയിൽ ന്യൂ യോർക്ക് വഴി ഇന്ത്യയിലേക്കു പറക്കാനാണ് രാകേഷ് വിമാനത്താവളത്തിൽ എത്തിയതെന്നു സിയാറ്റിൽ ടൈംസ് പറയുന്നു. തെറ്റായ ഫ്ലൈറ്റിലാണ് രാകേഷിനെ കയറ്റുന്നതെന്നു ഐസ് ഏജന്റുമാരോടു പറഞ്ഞിട്ടും അവർ കേട്ടില്ലെന്നു അലാസ്‌ക എയർലൈൻസ് പറഞ്ഞു.

"ഈ യാത്രക്കാരന്റെ കാര്യത്തിൽ നിലവിലുള്ള നടപടിക്രമങ്ങൾ ഐസ് പാലിച്ചില്ല," എയർലൈൻ വക്താവ് അലെക്‌സ റുഡിൻ പത്രത്തോടു പറഞ്ഞു. "രാകേഷ് ആ വിമാനത്തിൽ കയറുമെന്നു ഞങ്ങളുടെ ഗേറ്റിൽ അവർ അറിയിച്ചില്ല."

ഐസ് കസ്റ്റഡിയിൽ രാകേഷ് എത്തിയത് മറ്റൊരു കഥയാണ്. ഇന്ത്യൻ ട്രാവൽ ഏജന്റാണ് എന്നു ഭാവിച്ച ഒരാളാണ് തന്നെ പറ്റിച്ചതെന്നു രാകേഷ് പറയുന്നു. യുഎസിലേക്കുള്ള ഡയറക്റ്റ് ഫ്ലൈറ്റ് എന്നു പറഞ്ഞു ഇന്ത്യയിൽ നിന്ന് ഒരു വിമാനത്തിൽ തന്നെ കയറ്റി. ചെന്നിറങ്ങിയത് സെൻട്രൽ അമേരിക്കയിൽ.

ഒടുവിൽ യുഎസിൽ എത്തിയത് മതിൽ ചാടിക്കടന്നാണ്‌. അങ്ങിനെ ബോർഡർ പട്രോളിന്റെ പിടിയിലായി.

ടാകോമയിൽ ഐസ് തടവറയിൽ അടച്ചു. അഭയത്തിനു അപേക്ഷിച്ചെങ്കിലും പിന്നീട് ഇന്ത്യയിലേക്കു മടങ്ങാൻ തീരുമാനിച്ചു. യുഎസ് കോടതി അനുവദിച്ചപ്പോൾ വിമാനത്തിലേക്കു ഐസ് ഉദ്യോഗസ്ഥർ കൊണ്ടുപോയി.

ആ യാത്രയാണ് അലാസ്‌കയിൽ എത്തിയത്. അവിടെ വിമാനത്തിന്റെ ക്യാപ്റ്റൻ രാകേഷിനോടുള്ള കരുണ കൊണ്ട് ഹോട്ടലിൽ മുറി എടുത്തു കൊടുത്തു. കൂടാതെ, തിരിച്ചു സിയാറ്റിലിലേക്കു പറക്കാനുള്ള സൗകര്യവും ചെയ്തു. അവിടന്നു ഇന്ത്യയിലേക്കു മടങ്ങാനുള്ള സൗകര്യവും ചെയ്തു കൊടുത്തു.

എന്നാൽ സിയാറ്റിലിൽ എത്തിയപ്പോൾ വീണ്ടും ഐസ് എത്തി രാകേഷിനെ ടാകോമാ ജയിലിലേക്കു കൊണ്ടുപോയി. പിന്നെ 16 ദിവസത്തെ തടവിനു ശേഷമാണ് ഇന്ത്യയിലേക്കു മടങ്ങാൻ കഴിഞ്ഞത്.

ICE put Indian on wrong flight 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക