
അറേബ്യൻ ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്കു ഇറാന്റെ ആക്രമണത്തിൽ കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നു റിപ്പോർട്ട്. പുനർനിർമാണം വർഷങ്ങൾ നീളുന്ന പരിപാടിയാവുമെന്നാണ് യുഎസ് മാധ്യമങ്ങൾ പറഞ്ഞത്. അതിന്റെ ചെലവ് തന്നെ നിരവധി ബില്യണുകൾ ആവുമെന്നു എൻ ബി സി ന്യൂസ് പറഞ്ഞു.
യുദ്ധം നിർത്തി വച്ചു ചർച്ചയ്ക്കു വേണ്ടുവോളം സമയം അനുവദിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറായത് ഈ പരിമിതി കൊണ്ടാണെന്നു വ്യാഖ്യാനമുണ്ട്.
യുഎസ് താവളങ്ങളിൽ ഡസൻ കണക്കിനു ലക്ഷ്യങ്ങൾ ഇറാൻ അടിച്ചു തകർത്തെന്നു സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു എൻ ബി സി റിപ്പോർട്ട് ചെയ്തു. വെയർ ഹൗസുകൾ, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർക്രാഫ്റ്റ് ഹാങ്ങറുകൾ, സാറ്റലൈറ്റ് ഇൻഫ്രാസ്ട്രക്ച്ചർ, റൺവേകൾ, റഡാർ സംവിധാനം എന്നിവയ്ക്കു പുറമെ ഡസൻ കണക്കിനു വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഈ നാശനഷ്ടങ്ങളൊന്നും പെന്റഗൺ പരസ്യമായി സമ്മതിച്ചിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡ് അതേപ്പറ്റി അഭിപ്രായം പറയാൻ തയ്യാറായിട്ടുമില്ല.
ചില റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യത്തിൽ പെന്റഗണുമായി ഇടഞ്ഞിട്ടുണ്ട് എന്നാണറിവ്. എൻ ബി സിയോട് ഒരു കോൺഗ്രസ് അംഗത്തിന്റെ ഓഫിസ് പറഞ്ഞു: "ആർക്കും ഒന്നും അറിയില്ല. ചോദിക്കാതിരുന്നിട്ടല്ല, ഞങ്ങൾ ആഴ്ചകളായി ചോദിക്കുന്നതാണ്. പക്ഷെ ഒരു വിവരവും കൃത്യമായി ലഭിക്കുന്നില്ല. അതേ സമയം അവർ റെക്കോർഡ് ബജറ്റാണ് ചോദിക്കുന്നത്."
പെന്റഗൺ $200 ബില്യനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
യുഎസ് നേവിയുടെ ഫിഫ്ത് ഫ്ളീറ്റ് ആസ്ഥാനം ബഹ്റൈൻ ആണ്. ഖത്തറിലെ അൽ ഉദയ്ദ് എയർ ബേസ് മേഖലയിൽ ഏറ്റവും വലിയ യുഎസ് താവളമാണ്. യു എ എയിൽ അമേരിക്കൻ സാന്നിധ്യം അബുദാബി അൽ ദർഫ എയർ ബേസിലാണ്. കുവൈറ്റിൽ ഒന്നിലധികം യുഎസ് താവളങ്ങളുണ്ട്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ഈ യുദ്ധത്തിനു യുഎസ് ഏറെ ഉപയോഗിച്ചിട്ടുണ്ട്.
ഇറാനെ ആക്രമിച്ചാൽ ഗൾഫിലെ യുഎസ് താവളങ്ങൾ ആക്രമിച്ചു തിരിച്ചടിക്കുമെന്ന ഭീഷണി ടെഹ്റാൻ ഫലപ്രദമായി നടപ്പാക്കിയതോടെ വീണ്ടും യുദ്ധം എന്ന ചിന്ത തന്നെ യുഎസ് മാറ്റിവച്ചതായാണ് കാണുന്നത്.
US bases extensively damaged in the Gulf