
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ആരംഭിക്കാതെ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്ഥാനിൽ നിന്ന് മടങ്ങി. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഘം വിമാനത്താവളത്തിലേക്ക് തിരിച്ചത്. ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ അപ്രതീക്ഷിത മടക്കം.
രണ്ടാഴ്ച മുൻപ് നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന്, മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാം വട്ട ശ്രമങ്ങൾക്കായാണ് അരാഗ്ചി വെള്ളിയാഴ്ച രാത്രി ഇസ്ലാമാബാദിലെത്തിയത്. എന്നാൽ, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത ഉപാധികളും കടൽ മാർഗ്ഗമുള്ള ഉപരോധം തുടരുന്നതും ചർച്ചകൾ തടസ്സപ്പെടാൻ കാരണമായി എന്നാണ് റിപ്പോർട്ട്.
അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ വിസമ്മതിച്ചിരുന്നു. പകരം തങ്ങളുടെ നിലപാടുകൾ പാകിസ്ഥാൻ വഴി യുഎസിനെ അറിയിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. വൈറ്റ് ഹൗസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ചർച്ചകൾക്കായി പാകിസ്ഥാനിൽ എത്തുമെന്ന് അറിയിച്ചിരുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടികളുമാണ് പ്രധാന തർക്കവിഷയങ്ങളായി തുടരുന്നത്. പാകിസ്ഥാനിൽ നിന്ന് മടങ്ങിയ അരാഗ്ചി അടുത്തതായി ഒമാൻ, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഇതോടെ എട്ട് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.