
വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ ബഹിരാകാശ തന്ത്രങ്ങൾ പുനർനിർണ്ണയിക്കുന്നതിന്റെ ഭാഗമായി മൂന്ന് പ്രധാന മുൻഗണനകൾ പ്രഖ്യാപിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ. 2028 ആകുന്നതോടെ അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ വീണ്ടും ചന്ദ്രനിലിറക്കുക, ചന്ദ്രനിൽ സ്ഥിരമായ ഒരു ബേസ് (ലൂണാർ ബേസ്) സ്ഥാപിക്കുക, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ (ലോ എർത്ത് ഒർബിറ്റ് ) വാണിജ്യ പങ്കാളിത്തം വ്യാപിപ്പിക്കുക എന്നിവയാണ് നാസയുടെ പുതിയ ലക്ഷ്യങ്ങൾ.
ഹൗസ് സയൻസ് കമ്മിറ്റിക്ക് മുന്നിലാണ് ഐസക്മാൻ ഈ പദ്ധതികൾ വിശദീകരിച്ചത്. മുൻകാലങ്ങളിലേതുപോലെ വലിയ പദ്ധതികൾക്കായി അമിതമായി പണം ചിലവഴിക്കുന്ന രീതിയിൽ നിന്ന് മാറി, കുറഞ്ഞ ചിലവിൽ മികച്ച ഫലം നൽകുന്ന രീതിയിലേക്ക് നാസയുടെ പ്രവർത്തനങ്ങൾ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ലാൻഡറുകൾ, റോവറുകൾ, കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിച്ച് ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ഉറപ്പാക്കാനാണ് നാസയുടെ നീക്കം. അതോടൊപ്പം സ്വകാര്യ ബഹിരാകാശ നിലയങ്ങളിലേക്കും മറ്റും വാണിജ്യ പര്യവേഷണങ്ങൾ വ്യാപിപ്പിക്കും. ആർട്ടെമിസ് II മിഷന്റെ വിജയം ലോകത്തിന് ചന്ദ്രനെ വീണ്ടും കാണിച്ചുകൊടുത്തുവെന്നും മാനവികതയ്ക്ക് ഇത് വലിയൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാസയുടെ ബജറ്റിൽ മുൻവർഷത്തേക്കാൾ 23 ശതമാനം കുറവ് വരുത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ ചില പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു. ചൈന ബഹിരാകാശ രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്തുന്ന ഈ സമയത്ത് ഫണ്ട് കുറയ്ക്കുന്നത് അമേരിക്കയുടെ മത്സരക്ഷമതയെ ബാധിക്കുമെന്ന് സ്പേസ് കമ്മിറ്റി ചെയർമാൻ ബ്രയാൻ ബാബിൻ മുന്നറിയിപ്പ് നൽകി. എന്നാൽ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലൂടെ കുറഞ്ഞ ചിലവിലും വലിയ ലക്ഷ്യങ്ങൾ നേടാനാകുമെന്ന് ഐസക്മാൻ മറുപടി നൽകി.